1

തൃക്കാക്കര: കാക്കനാട് ശ്രീഗോകുലം ഹാർമണി ഫ്ളാറ്റിൽ കണ്ടെത്തിയ രക്തക്കറ മകൾ വൈഗയുടേത് തന്നെയാണെന്ന് കൊലക്കേസിൽ പ്രതിയായ പിതാവ് സാനു മോഹൻ മൊഴി നൽകി. നിർണായകമായ ഡി.എൻ.എ ഫലം വരാനിരിക്കെയാണ് വെളിപ്പെടുത്തൽ. ഈ രക്തം വൈഗയുടേതല്ലെന്നാണ് കെമിക്കൽ പരിശോധനയിലെ ഫലം. ഡി.എൻ.എ പരിശോധനയിൽ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ.
മാർച്ച് 21ന് രാത്രി തൃക്കുന്നപ്പുഴയിൽ നിന്ന് വൈഗയുമായി കാക്കനാട്ടെ ഫ്‌ളാറ്റിലേക്ക് വരുന്നതിനിടെ ഹോട്ടലിൽ നിന്ന് കോഴിയിറച്ചി കൊണ്ടുള്ള അറേബ്യൻ വിഭവം ഉൾപ്പെടെ വാങ്ങി മകൾക്ക് നൽകി. കാറിൽ വച്ചാണ് ഭക്ഷണം കഴിച്ചത്. എന്നാൽ മകൾക്ക് മദ്യം നൽകിയില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സാനു.

തമിഴ്നാട്ടിലും കർണാടകയിലും തെളിവെടുപ്പിന് ശേഷം സാനുവിനെ ആലപ്പുഴ-എറണാകുളം ദേശീയപാതയിൽ ഭക്ഷണം വാങ്ങിയ ഹോട്ടലിൽ എത്തിക്കും. ഭക്ഷണത്തിനൊപ്പം വാങ്ങിയ കോളയിൽ മദ്യം ഒഴിച്ചുകൊടുത്തതാകുമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. വൈഗ കേസിൽ ഇതുവരെ അറുപതിലേറെ സി.സി.ടി.വികൾ പരിശോധിച്ചതായി തൃക്കാക്കര എ.സി.പി കെ. ശ്രീകുമാർ പറഞ്ഞു.

@സാനു സഞ്ചരിച്ച വഴിയേ

സാനു മോഹൻ സഞ്ചരിച്ച വഴിയേ അന്വേഷണ സംഘം തെളിവെടുപ്പിനായി ഇന്നലെ യാത്ര തിരിച്ചു. തൃക്കാക്കര സി.ഐ കെ.ധനപാലന്റെ നേതൃത്വത്തിലുളള ആറംഗ സംഘം സാനുവുമായി തമിഴ്നാട്ടിലും കർണാടകത്തിലും ഗോവയിലും എത്തും. ഞായറാഴ്ച തിരിച്ചെത്താനാണ് പരിപാടി.

കോയമ്പത്തൂർ, സേലം, ബംഗളൂരു, ഗോവ, മുംബയ്, മുരുഡേശ്വർ, കൊല്ലൂർ, കാർവാർ തുടങ്ങിയ സ്ഥലങ്ങളിൽ സാനു താമസിച്ചിട്ടുണ്ട്. കോയമ്പത്തൂരിലാണ് കാർ വിറ്റതും മോതിരം പണയം വച്ചതും. പണയരസീത് സാനുവിന്റെ ബാഗിൽ നിന്ന് ലഭിച്ചിരുന്നു.