high-court

കൊച്ചി: സർക്കാർ, എയ്ഡഡ് കോളേജുകളിലെ അദ്ധ്യാപകർക്ക് സർക്കാർ ഉത്തരവനുസരിച്ചുള്ള പ്രൊഫസർ പദവിയിലെ ആനുകൂല്യങ്ങൾ മൂന്നു മാസത്തിനകം നൽകണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. 2018 ൽ യു.ജി.സി മാർഗനിർദ്ദേശം ഉണ്ടായിട്ടും പ്രൊഫസർ പദവി നൽകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഡോ. കെ. ജോബി തോമസ് ഉൾപ്പെടെ നാല് എയ്ഡഡ് കോളേജ് അദ്ധ്യാപകർ നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ വിധി.

ഹർജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ കരിയർ അഡ്വാൻസ്‌മെന്റ് പ്രൊമോഷൻ എന്ന പേരിൽ പ്രൊഫസർ തസ്തികകൾക്ക് രൂപം നൽകാൻ കഴിഞ്ഞ ഫെബ്രുവരി 20 ന് സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതനുസരിച്ച് അസോസിയേറ്റ് പ്രൊഫസർമാർക്ക് പ്രൊഫസർ പദവിയുടെ ആനുകൂല്യങ്ങൾ മൂന്നു മാസത്തിനകം നൽകാനാണ് കോളേജിയേറ്റ് എഡ്യൂക്കേഷൻ ഡയറക്ടർക്കും കേരള സർവകലാശാല, കലിക്കറ്റ് യൂണിവേഴ്സിറ്റി തുടങ്ങിവയ്ക്കും ഹൈക്കോടതി നിർദ്ദേശം നൽകിയത്.