കൊച്ചി: പൊതുഗതാഗതത്തെ ആശ്രയിക്കുന്നവർക്കായി നഗരത്തിൽ കൂടുതൽ സർവീസുകൾ നടത്താനൊരുങ്ങി കെ.എസ്.ആർ.ടി.സി നിലവിൽ 63 ബസുകൾ എറണാകുളം ഡിപ്പോയിൽ നിന്ന് സർവീസ് നടത്തുന്നുണ്ട്. കൊവിഡ് വ്യാപനസാഹചര്യത്തിൽ പൊതുഗതാഗതം ഉപയോഗിക്കുന്നവർക്കുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് കൂടുതൽ ബസുകൾ സർവീസ് നടത്താൻ തീരുമാനിച്ചതെന്ന് എറണാകുളം ഡി.ടി.ഒ വി.എം. താജുദ്ദീൻ പറഞ്ഞു.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് നിലവിൽ സർവീസുകൾ ക്രമീകരിച്ചിട്ടുള്ളത്. അതിനാൽ കൂടുതൽ ബസുകൾ ആവശ്യമുള്ള സാഹചര്യമാണ്. അതു മുന്നിൽ കണ്ടുകൊണ്ടാണ് തീരുമാനം.
വരുമാന നഷ്ടം
ലോക്ക് ഡൗണിനും ഒന്നാംഘട്ട കൊവിഡ് വ്യാപനത്തിനുശേഷം കെ.എസ്.ആർ.ടി.സി വരുമാനം ഉയർന്നുവരുന്ന സാഹചര്യത്തിലാണ് രണ്ടാംഘട്ടവ്യാപനം രൂക്ഷമാവുന്നത്. വരുമാനത്തിൽ വൻ കുറവാണ് നിലവിൽ എറണാകുളം ഡിപ്പോയിൽ ഉള്ളത്. പ്രതിദിനം 11-12 ലക്ഷം വരെ വരുമാനം ലഭിച്ചിരുന്നിടത്ത് ഇപ്പോൾ ലഭിക്കുന്ന ഏഴുലക്ഷം രൂപയിൽ താഴെയാണ്. കൊവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിലെ വരുമാനനഷ്ടം നികത്തി മുന്നോട്ടുപോകവേയാണ് വീണ്ടും സ്ഥിതിഗതികൾ രൂക്ഷമായത്. എന്നാൽ സർക്കാരിൽ നിന്ന് മറ്റു നിർദ്ദേശങ്ങൾ വരുന്നതുവരെ വരുമാനനഷ്ടം കണക്കിലെടുക്കാതെ കൂടുതൽ സർവീസുകൾ നഗരത്തിൽ നടത്താനാണ് തീരുമാനം.

സ്വകാര്യ ബസുകൾക്കും
നഷ്ടം തന്നെ

സ്വകാര്യബസുകൾ നഗരത്തിൽ സർവീസ് നടത്തുന്നുണ്ടെങ്കിലും ഇരുന്നുമാത്രം യാത്രക്കാരെ അനുവദിച്ചതോടെ വരുമാനമില്ലാത്ത സ്ഥിതിയാണ്. രാവിലെയും വൈകിട്ടും മാത്രമാണ് യാത്രക്കാരുള്ളത്. ഉച്ചയ്ക്കും സന്ധ്യയ്ക്കുശേഷവും യാത്രക്കാരില്ലാതെ സർവീസ് നടത്തേണ്ട സ്ഥിതിയാണ്. കൂടുതൽ ബസുകൾ നിരത്തൊഴിയുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.

സർക്കാരിന് നിവേദനം നൽകി
കൊവിഡ് കാലത്തെ വരുമാനനഷ്ടം കണക്കിലെടുത്ത് സ്വകാര്യബസുകൾക്ക് നികുതി ഒഴിവാക്കി നൽകണമെന്നാവശ്യപ്പെട്ട് സർക്കാറിന് നിവേദനം നൽകിയിട്ടുണ്ട്. കൂടാതെ ഡീസൽ വില വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ ഇന്ധനത്തിന് സബ്‌സിഡി നൽകണം. അല്ലാത്തപക്ഷം സർവീസുകളുമായി മുന്നോട്ട് പോവാനാവില്ല.

എം.ബി. സത്യൻ

പ്രസിഡന്റ്
പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ