കൊച്ചി:ഡൽഹി രാഷ്ട്രീയത്തിലെ റോൾ മതിയാക്കി വയലാർ രവി കൊച്ചിയിലെത്തി. താൻ രൂപം നൽകിയ കെ.എസ്.യുവിനെയും ജീവിത പങ്കാളിയായ മേഴ്സിയെയും സമ്മാനിച്ച നഗരത്തിലേക്ക് വീണ്ടും. കാക്കനാട് വാഴക്കാലയിലെ എസ്.എഫ്.എസ് ഗാർഡേനിയ എട്ടാം നമ്പർ വീട്ടിൽ ഇളയ മകൾ ലക്ഷ്മി രവിക്കൊപ്പമാണ് ഇനി വയലാർ രവിയുടെ ജീവിതം. സജീവ രാഷ്ട്രീയം മതിയാക്കി ഡൽഹി ലോധി എസ്റ്റേറ്റിലെ അറുപതാം നമ്പർ ബംഗ്ളാവിനോട് വിടപറഞ്ഞ് ചൊവ്വാഴ്ച വൈകിട്ടാണ് അദ്ദേഹം കൊച്ചിയിലെത്തിയത്. സംസാരത്തിനിടെ കഴിഞ്ഞ കാലത്തെ ചില രാഷ്ട്രീയ മുഹൂർത്തങ്ങൾ അദ്ദേഹം ഓർമ്മിച്ചു:
തന്നെ സഹായിക്കേണ്ടിയിരുന്ന എ.കെ.ആന്റണി ഉൾപ്പെടെയുള്ളവരുടെ പിന്തുണ ലഭിക്കാതെ പോയതിനാലാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് താൻ എത്താതെ പോയതെന്ന് രവി പറഞ്ഞു. ആർ.ശങ്കറിന് ശേഷം കോൺഗ്രസിന് ഈഴവ മുഖ്യമന്ത്രി ഇല്ലാതെ പോയതിനെക്കുറിച്ച് പതികരിക്കുകയായിരുന്നു അദ്ദേഹം. നിർഭാഗ്യവശാൽ തനിക്ക് അന്ന് കരുണാകരനുമായി അകലേണ്ടി വന്നു. ആ ഘട്ടത്തിൽ തന്നെ സഹായിക്കേണ്ട ആന്റണി മൗനിയായി. താൻ നിസഹായനാണെന്ന് ഉമ്മൻചാണ്ടിയും പറഞ്ഞു.
1982ൽ കരുണാകരൻ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായ തനിക്ക് നാല് വർഷത്തിന് ശേഷം ലീഡറുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് സ്ഥാനം ഒഴിയേണ്ടിവന്നു. പിന്നീട് കരുണാകരനുമായുള്ള അകൽച്ച മാറി. ആ മഞ്ഞുരുകലിൽ മേഴ്സിയും വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
കെ.പി.സി.സി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കരുണാകരന്റെ സ്ഥാനാർത്ഥി ഞാനായിരുന്നു. എതിരാളി എ.കെ.ആന്റണിയും. 1991 ഡിസംബർ 31 ന് നടന്ന തിരഞ്ഞെടുപ്പിൽ ഞാൻ വിജയിച്ചു. 1993 ൽ രാജ്യസഭാംഗമാകാനും കരുണാകരന്റെ പിന്തുണ ലഭിച്ചിരുന്നു.
കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിലെ പ്രശ്നങ്ങളിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ല. പാർട്ടിക്ക് എല്ലാ പിന്തുണയുമായി ഞാൻ മുമ്പിലുണ്ടാകും. വയലാറിലെ ഓല മേഞ്ഞ വീട്ടിൽ നിന്ന് ഇവിടെ വരെ എത്താൻ കഴിഞ്ഞത് കോൺഗ്രസ് പാർട്ടി നൽകിയ പിന്തുണ കൊണ്ടാണ് - അദ്ദേഹം പറഞ്ഞു.