പറവൂർ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന അടിയന്തര യോഗത്തിൽ വ്യാപനം തടയുന്നതിന് ശക്തമായി നടപടി സ്വീകരിച്ച് പറവൂർ നഗരസഭ. എല്ലാ വ്യാപാര സ്ഥാപനങ്ങളിലും പരമാവധി അഞ്ചുപേരെ മാത്രമേ അകത്തേക്ക് പ്രവേശിപ്പിക്കാവൂ. സർക്കാർ നിഷ്കർഷിച്ച സമയപരിധിയായ രാത്രി ഒമ്പത് വരെയേ വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിക്കാവൂ. സാനിറ്റെസറും ലഭ്യമാക്കണം. ഹോട്ടലുകളിൽ പരമാവധി പാർസൽ മാത്രം നൽകുക. മീറ്റിംഗുകളുടെ ദൈർഘ്യം രണ്ടുമണിക്കൂറായി നിജപ്പെടുത്തി. വിവാഹം തുടങ്ങിയ ആഘോഷങ്ങൾ സർക്കാർ നിബന്ധനകൾ അനുസരിച്ച് നടത്തണം. പ്രതിരോധവുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾ പാലിക്കേണ്ട മാനദണ്ഡങ്ങളെക്കുറിച്ച് വാഹന അനൗൺസ്മെന്റ് നടത്തും.

ഓഡിറ്റോറിയത്തിൽ സർക്കാർ കൊവിഡ് മാനദണ്ഡം അനുസരിച്ചുള്ളയാളുകൾ മാത്രമേ പങ്കെടുക്കുന്നുള്ളുവെന്ന് ഹാളുടമകൾ ഉറപ്പ് വരുത്തണം. ട്യൂഷൻ സെന്ററുകളുടെ പ്രവർത്തനം ഓൺലൈനാക്കണം. നഗരാതിർത്തിയിലെ മത്സ്യ- സസ്യ മാർക്കറ്റുകളുടെ പ്രവർത്തനം നിയന്ത്രണ വിധേയമായി നടത്തുന്നതിനായി ബന്ധപ്പെട്ടവരുടെ യോഗം അടിയന്തരമായി ചേരും. വാർഡുതല കൊവിഡ് മോണിറ്ററിംഗ് കമ്മിറ്റികളുടെ പ്രവർത്തനം ശക്തിപ്പെടുത്തും.

വാക്സിൻ ലഭ്യമാകുന്ന മുറക്ക് നഗരസഭയിലെ വിവിധ വാർഡുകൾ ഉൾപ്പെടുത്തി രണ്ടാംഘട്ട വാക്സിനേഷൻ പൂർത്തീകരിക്കും. പൊതുഇടങ്ങളിലേയും മൈതാനങ്ങളിലേയും അനാവശ്യ ഒത്തുചേരലുകൾ നിയന്ത്രിക്കും. പൊതുജനങ്ങൾ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുവാൻ പൊലീസിന് നിർദ്ദേശം നൽകും. പൊതുമാർക്കറ്റുകളിലും വ്യാപാര സ്ഥാപനങ്ങളിലും സർക്കാർ നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ നഗരസഭാ ഉദ്യോഗസ്ഥർ ഇടവേളകളിൽ പരിശോധന നടത്തും. രാഷ്ട്രീയ പാർട്ടികളുടെ സമരങ്ങളും യോഗങ്ങളും നിശ്ചിത സമയപരിധിക്കുള്ളിൽ നടത്താൻ അഭ്യർത്ഥിക്കും. നഗരസഭാ ചെയർപേഴ്സൺ വി.എ. പ്രഭാവതി അദ്ധ്യക്ഷത വഹിച്ചു.

വൈസ് ചെയർമാൻ എം.ജെ. രാജു, സ്റ്രാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ശ്യാമള ഗോവിന്ദൻ, സജി നമ്പിയത്ത്, ബീന ശശിധരൻ, അനു വട്ടത്തറ, കെ.ജെ. ഷൈൻ, മുൻ നഗരസഭ ചെയർമാൻ ഡി. രാജ്കുമാർ, കൗൺസിലർമാരായ ടി.വി. നിഥിൻ, കെ.എൽ. സ്വപ്ന. താലൂക്ക് ആശുപത്രി സൂപ്രണ്ട്, ഡെപ്യൂട്ടി തഹസിൽദാർ, വില്ലേജ് ഓഫീസർ, പറവൂർ സബ് ഇൻസ്പെക്ടർ, വ്യാപാര വ്യവസായി - റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, നഗരസഭാ സെക്രട്ടറി, ഹെൽത്ത് സൂപ്രണ്ട്, സി.ഡി.എസ് പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.