പറവൂർ: കണ്ടെയ്ൻമെന്റ് സോണുകളിൽ കർശന നിയന്ത്രണങ്ങൾ വേണമെന്ന ആവശ്യം ശക്തം. കൊവിഡ് പോസിറ്റീവാകുന്നവരുടെ എണ്ണം കൂടിയതോടെ മേഖലയിൽ കണ്ടെയ്ൻമെന്റ് സോണുകൾ വർദ്ധിച്ചുവരികയാണ്. എന്നാൽ മുമ്പത്തെപ്പോലെ വഴികൾ അടച്ചുകെട്ടാത്തതിനാൽ ആളുകൾ പുറത്തിറങ്ങി നടക്കുന്നു. തങ്ങൾ കണ്ടെയ്ൻമെന്റ് സോണിലാണെന്ന് അറിയാത്തവർ പോലുമുണ്ട്. ചിറ്റാറ്റുകര പഞ്ചായത്തിൽ ഒന്നാംവാർഡ് മാച്ചാംതുരുത്ത് പൂർണമായി കണ്ടെയ്ൻമെന്റ് സോണാണ്. പതിനഞ്ചാം വാർഡിൽ പട്ടണം, എട്ടാം വാർഡിൽ ജാറപ്പടി, പത്താംവാർഡിൽ ചെറിയപല്ലംതുരുത്ത് പ്രദേശങ്ങൾ മൈക്രോ കണ്ടെയ്ൻമെന്റ് സോണാണ്. വടക്കേക്കരയിൽ പതിനൊന്നാം വാർഡ് മുറവൻതുരുത്തിലും പതിനെട്ടാം വാർഡിൽ കുഞ്ഞിത്തൈയിലും കണ്ടെയ്ൻമെന്റ് സോണുകളുണ്ട്. ഒരുമേഖലയിൽ പത്ത് പോസിറ്റീവ് കേസുകളിൽ കൂടുതൽ റിപ്പോർട്ട് ചെയ്താലാണ് ആ ഭാഗം കണ്ടെയ്ൻമെന്റ് സോൺ ആക്കുന്നത്. ഏഴിക്കര പഞ്ചായത്തിൽ പത്താംവാർഡ് പൂർണമായി കണ്ടെയ്ൻമെന്റ് സോണായി. പതിനാലാം വാർഡിൽ കെടാമംഗലം തലക്കാട്ട് ക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഭാഗത്തും പതിമൂന്നാം പോട്ടയിൽ ഭാഗത്തും കണ്ടെയ്ൻമെന്റ് സോണുണ്ട്. പുത്തൻവേലിക്കരയിൽ പതിനൊന്ന്, പതിനഞ്ച് വാർഡുകളിൽ മൈക്രോ കണ്ടെയ്ൻമെന്റ് സോൺ നിലവിലുണ്ട്.

പഞ്ചായത്തുകളുടെയും പൊലീസിന്റെയും നേതൃത്വത്തിൽ കണ്ടെയ്ൻമെന്റ് സോണുകളിൽ നിയന്ത്രണങ്ങൾ കാര്യക്ഷമമാക്കണമെന്നും നിയമലംഘനങ്ങൾ തടയണമെന്നുമാണ് ആവശ്യമുയർന്നിരിക്കുന്നത്. ഇല്ലെങ്കിൽ ആളുകൾ പുറത്തിറങ്ങി നടക്കാനും കൂട്ടംകൂടാനും സാദ്ധ്യതയുണ്ട്. ഇത് കൊവിഡ് കേസുകൾ ക്രമാതീതമായി വർദ്ധിക്കാൻ കാരണമാകും.

 അന്യസംസ്ഥാന തൊഴിലാളികളുടെ

വിവരങ്ങൾ പരിശോധിക്കും

കൊവിഡിന്റെ പശ്ചാത്തലത്തിൽ പുത്തൻവേലിക്കര പഞ്ചായത്തിന്റെ പരിധിയിൽ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങൾ പരിശോധിക്കാൻ ഭരണസമിതി തീരുമാനിച്ചു. ജാഗ്രതാ നിർദേശത്തിന്റെ ഭാഗമായി പഞ്ചായത്തിന്റെ പ്രദേശങ്ങളിൽ മൈക്ക് അനൗൺസ് മെന്റ് നടത്താനും വാർഡുതല പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാനും കടകൾ രാത്രി എട്ടിനുതന്നെ അടയ്ക്കാൻ നിർദേശം നൽകാനും തീരുമാനിച്ചു. നിയമലംഘനങ്ങൾ പിടികൂടുന്നതിനായി പട്രോളിംഗ് ശക്തമാക്കണമെന്നു പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.