കൊച്ചി: കൊവിഡ് രോഗികൾ പെരുകുന്ന സാഹചര്യത്തിൽ ജില്ലയിൽ കർശനമായ നിയന്ത്രണങ്ങൾ നടപ്പാക്കണമെന്ന് ഐ.എം.എ കൊച്ചി ഘടകം നിർദ്ദേശിച്ചു. കൊവിഡ് ഐ.സി.യു കിടക്കകൾ കണ്ടത്താൻ പലയിടത്തും ബുദ്ധിമുട്ടുണ്ടെന്ന് ഡോക്ടർമാർ അറിയിക്കുന്നുണ്ട്.
ആൾക്കൂട്ടങ്ങൾ ഒഴിവാക്കാൻ അടിയന്തരനടപടികൾ സ്വീകരിക്കണം. വൈറസ് അതിവേഗം വ്യാപിക്കുന്നത് കെട്ടിടങ്ങൾക്കുള്ളിലെ ഒത്തുചേരലുകളിലാണ്.
എറണാകളം മെഡിക്കൽ കോളേജ്, ഫോർട്ടുകൊച്ചി താലൂക്ക് ആശുപത്രി, എറണാകുളം ജനറൽ ആശുപത്രിയിലെ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കുകളിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നത് സ്വാഗതാർഹമാണ്. ഇത് യാഥാർത്ഥ്യമാകുന്നതുവരെ നിലവിലുള്ള സൗകര്യങ്ങൾ മതിയാകില്ല. കൊവിഡ് ഇതര കിടക്കകളിൽ ധാരാളം മറ്റുരോഗികളുണ്ട്. അവ കൊവിഡ് രോഗികൾക്കായി ഉടൻ ഒഴിപ്പിക്കാൻ സാധിക്കില്ല.
രണ്ടാഴ്ചവരെ നീളുന്ന രോഗമായതിനാൽ സ്വീകരിച്ച നടപടിയുടെ ഫലം കാണാൻ കുറഞ്ഞത് രണ്ടാഴ്ച കഴിയണം. നിലവിലെസ്ഥിതി വഷളാകുംമുമ്പുതന്നെ നിയന്ത്രണ നടപടികൾവഴി രോഗികളുടെ എണ്ണം കുറച്ചാലേ എല്ലാവർക്കും മികച്ച ചികിത്സ എത്തിക്കാനാവൂവെന്ന് ഭാരവാഹികളായ ഡോ. രാജീവ് ജയദേവൻ, ഡോ.ടി.വി. രവി, ഡോ. സണ്ണി പി. ഓരത്തേൽ എന്നിവർ അറിയിച്ചു.