നെടുമ്പാശേരി: കുട്ടികളിൽ ആത്മീയബോധം വളർത്തുവാൻ രക്ഷിതാക്കൾ വലിയ പങ്കാണ് വഹിക്കേണ്ടതെന്ന് അത്താണി ശ്രീവീരഹനുമാൻ കോവിൽ മാനേജിംഗ് ട്രസ്റ്റി ഗോകുലം ഗോപാലൻ പറഞ്ഞു. കുട്ടികളെ നേരായ വഴിക്ക് നയിക്കാൻ ആത്മീയതയാണ് ഏറ്റവും നല്ല മാർഗം. ഇക്കാര്യത്തിൽ മറ്റ് മതങ്ങളെ നാം കണ്ടുപഠിക്കണം. അത്താണി ശ്രീ വീരഹനുമാൻ കോവിലിൽ ശ്രീരാമ താരക മഹായാഗത്തോടനുബന്ധിച്ച് ട്രസ്റ്റ് ഏർപ്പെടുത്തിയ ശ്രീരാമ നവമി പുരസ്‌കാര സമർപ്പണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അത്താണി ഹനുമാൻ ക്ഷേത്രം മഹാക്ഷേത്രമായി ഉയരും. ഇതിനാവശ്യമായ എല്ലാ സഹായവും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ജസ്റ്റിസ് എ.എം. ബാബു 11 -ാമത് ശ്രീരാമ നവമി പുരസ്കാരം ജസ്റ്റിസ് കെ.ടി. ശങ്കരന് സമർപ്പിച്ചു. നാട്ടിൻപുറത്തുകാരനായി ജനിച്ച് ജീവിച്ച തനിക്ക് പുരസ്കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ജസ്റ്റിസ് കെ.ടി. ശങ്കരൻ പറഞ്ഞു. കൊവിഡ് മാനദണ്ഡം പാലിച്ച് നടന്ന ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ ഗോപൻ ചെങ്ങമനാട് അദ്ധ്യക്ഷത വഹിച്ചു. ചന്ദ്രൻപിള്ള, സുനിൽ ഐക്കര, ശാന്ത ശങ്കരൻ എന്നിവർ സംസാരിച്ചു.