തൃപ്പൂണിത്തുറ: നഗരസഭാ പരിധിയിൽ കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി നഗരസഭാ ചെയർപേഴ്സൺ രമാ സന്തോഷിന്റെ അദ്ധ്യക്ഷതയിൽ യോഗംചേർന്നു.

നിർദേശങ്ങൾ: കടകൾ ഉൾപ്പടെയുള്ള വിവിധസ്ഥാപനങ്ങളിൽ സാനിറ്റൈസർ, സന്ദർശകരുടെ വിവരശേഖരണ രജിസ്റ്റർ എന്നിവ കരുതണം. ഓട്ടോറിക്ഷ ഡ്രൈവർമാർ, ബസ് ജീവനക്കാർ എന്നിവർ ആർ.ടി.പി.സി.ആർ പരിശോധന നടത്തണം. താലൂക്ക് ആശുപത്രി, തിരുവാങ്കുളം പി.എച്ച്.സി എന്നിവിടങ്ങളിൽ ആർ.ടി.പി.സി.ആർ പരിശോധനയുടെ എണ്ണം വർദ്ധിപ്പിക്കും. വാർഡ് തലത്തിൽ ആർ.ആർ.ടികളുടെ പ്രവർത്തനം ഊർജ്ജിതമാക്കും. സി.എഫ്.എൽ.ടി.സിയുടെ പ്രവർത്തനം പുനരാരംഭിക്കും. ബോധവത്കരണത്തിന്റെ ഭാഗമായി ഉച്ചഭാഷിണി പ്രചാരണം നടത്തും.

കടകളിൽ രണ്ട് മീറ്റർ അകലത്തിൽ വൃത്തംവരച്ച് ക്യൂ സിസ്റ്റം കർശനമായി പാലിക്കണം. ജനറൽ മാർക്കറ്റ് ബുധനാഴ്ചകളിൽ അടച്ചിടും. ഇവിടങ്ങളിൽ പതിവായി സാനിറ്റൈസേഷനും അണുനശീകരണവും നടത്തണം. സ്ഥാപനങ്ങളിലും കടകളിലും ഒരേ സമയം 5 പേരിൽ കൂടുതൽ അനുവദിക്കില്ല.

എം. സ്വരാജ് എം.എൽ.എ, വൈസ് ചെയർമാൻ കെ.കെ. പ്രദീപ്കുമാർ, ആരോഗ്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ടി. സൈഗാൾ, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ജയ പരമേശ്വരൻ, ദീപ്തി സുമേഷ്, ശ്രീലതാ മധുസൂദനൻ, കൗൺസിലർമാരായ പി.കെ. പീതാംബരൻ, കെ.വി. സാജു, മുനിസിപ്പൽ സെക്രട്ടറി എച്ച്. അഭിലാഷ്‌കുമാർ, ആരോഗ്യവിഭാഗം ജീവനക്കാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.