തൃപ്പൂണിത്തുറ: എരൂർ ഇരുമ്പു പാലത്തിന് സമീപം താമസിക്കുന്ന കടവന്ത്ര ചിലവന്നൂർ കുളങ്ങരത്തറ സുധീഷിന്റെയും മിനിയുടെയും മകൻ സുമേഷിനെ (27) കുത്തിക്കൊലപ്പെടുത്തിയ കേസിൽ അനുജൻ സുനീഷിനെ (24) ഹിൽപാലസ് എസ്.ഐ ടോൾസൻ ജോസഫിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം വൈകിട്ട് വീട്ടിൽ വച്ചാണ് സുമേഷിന് കുത്തേറ്റത്. സംഭവ സമയം ഇരുവരും വീട്ടിൽ തനിച്ചായിരുന്നു. ടിവി കാണുകയായിരുന്ന സുമേഷുമായി ചാനൽ മാറ്റുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ പ്രകോപിതനായ സുനീഷ് സഹോദരനെ കുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. രണ്ട് പേരും മദ്യലഹരിയിലായിരുന്നെന്നും ഇവരുടെ പേരിൽ നിരവധി അടിപിടി കേസുകൾ നിലവിലുണ്ടെന്നും പൊലീസ് പറഞ്ഞു.. ചിലവന്നൂരിൽ നിന്ന് മൂന്ന് മാസം മുൻപാണ് ഇവർ എരൂരിൽ വാടകയ്ക്ക് താമസം തുടങ്ങിയത്. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് കൊടുത്തു. പ്രതിയെ റിമാൻഡ് ചെയ്തു