തൃക്കാക്കര : സാനുമോഹന്റെ ഫ്ളാറ്റിൽ കണ്ടത്തിയ രക്തക്കറ വൈഗയുടേത് തന്നെയെന്ന് ഡി.എൻ.എ ഫലം. കാക്കനാട് ശ്രീഗോകുലം ഹാർമണി ഫ്ളാറ്റിൽ കണ്ടെത്തിയ രക്തക്കറ വൈഗയുടേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചതോടെ കേസിൽ നിർണായക വഴിത്തിരിവായിരിക്കുകയാണ്.ഫ്ളാറ്റിലെ രക്തക്കറ സംബന്ധിച്ച അവ്യക്തത അന്വേഷണത്തിന്റെ തുടക്കത്തിൽ കീറാമുട്ടിയായിരുന്നു. മാത്രമല്ല, കാക്കനാട്ടെ കെമിക്കൽ ലാബിൽ നടത്തിയ പരിശോധനയിൽ രക്തം വൈഗയുടേതല്ലെന്ന് റിപ്പോർട്ട് വന്നിരുന്നു. ഇത് അന്വേഷണ ഉദ്യോഗസ്ഥരെ ഏറെ കുഴക്കുകയും ചെയ്തു.
കൊലപ്പെടുത്താൻ ശ്രമിച്ചപ്പോഴാണ് വൈഗയുടെ മൂക്കിൽ നിന്ന് രക്തം വീണതാണെന്നാണ് പിതാവും പ്രതിയുമായ സാനു മോഹൻ കഴിഞ്ഞ ദിവസം പൊലീസിൽ മൊഴിനൽകിയിരുന്നു. ഡി.എൻ.എ ഫലം ലഭിച്ചതോടെ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ്. വൈഗ കാറിലേക്ക് കൊണ്ടുപോകുമ്പോൾ മൂക്കിൽ നിന്ന് രക്തം വീണു. സാനു ഒരു തുണി ഉപയോഗിച്ച് ഇത് തുടച്ച് വാഷിംഗ് മെഷീനിൽ ഇട്ടു. പൊലീസ് ഈ തുണി ലാബിലേക്ക് അയച്ചിരിക്കുകയാണ്.
അതേസമയം, തെളിവെടുപ്പിനായി കോയമ്പത്തൂരിലെത്തിയ സംഘം സാനുമോഹൻ വില്പന നടത്തിയ കാർ കണ്ടെത്തി. കാർ ഇന്ന് കൊച്ചിയിൽ എത്തിക്കും. തുടർന്ന് ഫോറൻസിസ് പരിശോധനക്ക് വിധേയമാക്കും. കൊച്ചിയിലെ തെളിവെടുപ്പ് പൂർത്തിയാക്കിയാണ് സാനുമോഹനെ അന്വേഷണസംഘം കോയമ്പത്തൂരിലേക്ക് കൊണ്ടുപോയത്. കോയമ്പത്തൂരിലെത്തും മുമ്പ് വാളയാർ ടോൾ പ്ലാസയിലും പാലക്കാട്ടെ ചില സ്ഥലങ്ങളിലും തെളിവെടുപ്പ് നടത്തിയിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥർക്ക് റിവാർഡ്
കാർവാറിൽ നിന്ന് സാനു മോഹനെ പിടികൂടാൻ സഹായിച്ച കോർ ഫീൽഡിനും സപ്പോർട്ട് ടീമുകൾക്കും പ്രതിഫലം നൽകാൻ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹെറ തീരുമാനിച്ചു. നേരത്തെ ജില്ലാ പോലീസ് മേധാവി സി.നാഗരാജുവും മുഴുവൻ ടീമിനും മികച്ച സേവന എൻട്രികൾ പ്രഖ്യാപിച്ചിരുന്നു.
“ഇത്രയും കുറഞ്ഞ കാലയളവിൽ കേസ് പരിഹരിക്കാൻ ടീമിന്റെ മുഴുവൻ ശ്രമവും ഞങ്ങളെ സഹായിച്ചു. കേസിന്റെ താൽപ്പര്യാർത്ഥം ഞങ്ങളുടെ ടീമുകൾ രഹസ്യത്തിന്റെ മറവിൽ അധ്വാനിക്കുകയായിരുന്നു. അവർ അത് ചെയ്തില്ലായിരുന്നെങ്കിൽ ഞങ്ങൾക്ക് സാനുവിനെ നഷ്ടപ്പെടുമായിരുന്നു“ സിറ്റി പൊലീസ് കമ്മീഷണർ നാഗരാജ് പറഞ്ഞു.
കർണാടകയിലെ കാർവാറിൽ തൃക്കാക്കര പൊലീസിന്റെ നേതൃത്വത്തിലാണ് സാനു മോഹനെ പിടികൂടുന്നത്.സാനുമോഹൻ കാർവാറിൽ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കടപ്പുറം കേന്ദ്രീകരിച്ചു മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് പ്രതി പിടിയിലായത്.