ആലുവ: കൊവിഡ് വ്യാപനത്തെ തുടർന്ന് ആലുവ മേഖലയിൽ പലയിടവും കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വിമാനത്താവളത്തിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും പോകേണ്ട യാത്രക്കാരെ രേഖകളുടെ അടിസ്ഥാനത്തിൽ കടത്തിവിടാൻ ലോക്കൽ പൊലീസിന് നിർദ്ദേശം നൽതിയതായി ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു.
കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച എടത്തല ഗ്രാമപഞ്ചായത്തിലെ ചൂണ്ടി കവല സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം പൂർണമായി ലോക്ക് ഡൗണിലേക്ക് പോകാതിരിക്കുന്നതിനുള്ള നിയന്ത്രണമാണ് ഇപ്പോൾ ഏർപ്പെടുത്തിയിട്ടുള്ളത്. ജനങ്ങൾ ഇത് മനസിലാക്കി സഹകരിക്കാൻ തയ്യാറാകണം. കണ്ടെയ്ൻമെന്റ് സോണിൽ അഞ്ചിൽ അധികം ആളുകൾ കൂടാൻ പാടില്ല. വ്യാപാര സ്ഥാപനങ്ങളിലും നിയന്ത്രണമുണ്ട്. ഭക്ഷണശാലകളിൽ ഇരുന്നു ഭക്ഷണം കഴിക്കുന്നത് നിരോധിച്ചു. രാത്രി 9 മണി വരെ പാഴ്‌സലായി നൽകാം. ടൂറിസവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും കണ്ടെയിൻമെന്റ് സോണുകളിൽ നിരോധിച്ചു.
ആരാധനാലയങ്ങളിൽ ജനക്കൂട്ടം പാടില്ല. പള്ളികളിൽ റംസാൻ നോമ്പ് തുറയുമായി ബന്ധപ്പെട്ട് പ്രാർത്ഥനക്ക് തടസമില്ല. എന്നാൽ സമൂഹ നോമ്പ്തുറ അനുവദിക്കില്ല. ആവശ്യ വസ്തുക്കൾ വില്പന നടത്താം. പ്രധാനപ്പെട്ട മാർക്കറ്റുകൾ / വ്യാപാര സ്ഥാപനങ്ങൾ എന്നിവ വൈകിട്ട് 7. 30 മണിവരെ തുറക്കാമെന്നും എസ്.പി പറഞ്ഞു. ചുണങ്ങംവേലി, നാലാംമൈൽ, വെങ്ങോല, പെരുമ്പാവൂർ മേഖലകളിലും എസ്.പി സന്ദർശനം നടത്തി. എടത്തല പൊലീസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീകാന്ത് മിശ്രയും എസ്.പിക്കൊപ്പമുണ്ടിയിരുന്നു.