തൃപ്പൂണിത്തുറ: ഉദയംപേരൂർ കള്ളനോട്ട് കേസിലെ പ്രതികളെ കോയമ്പത്തൂർ ഉക്കടത്തുനിന്ന് പൊലീസും എ.ടി.എസും ചേർന്ന് പിടികൂടിയത് നാടകീയമായി. കള്ളനോട്ട് വാങ്ങാനെന്ന മട്ടിലാണ് സംഘത്തെ വിളിച്ചുവരുത്തി കുടുക്കിയത്.

കള്ളനോട്ട് കേസിലെ കേരളത്തിലെ പ്രധാന കണ്ണിയായ ചാവക്കാട് സ്വദേശി റഷീദിനെ ആന്റി ടെററിസ്റ്റ് സക്വാഡ് എസ്.ഐ. സുനോജും സംഘവും ഇടപാടുകാരെന്ന മട്ടിൽ ഉക്കടയിലേയ്ക്ക് വിളിച്ചുവരുത്തി. ഇയാളുമായി ഇടപാട് ഉറപ്പിച്ചതോടെ മറ്റ് പ്രതികളായ അസറുദ്ദീൻ, സെയ്ദ് സുൽത്താൻ, അഷറഫ്, റിഷാദ് എന്നിവർ കള്ളനോട്ടുകളുമായി എത്തി. ഉദയംപേരൂർ എസ്.ഐ. സാബു, സി.പി.ഒമാരായ ഗുജറാൾ, ദീപേഷ് എന്നിവർ ചേർന്ന് വാഹനത്തിൽ പിടിച്ചുകയറ്റി. പ്രതികൾക്ക് പിന്തുണയ്ക്കുന്ന ചിലർ തടയാൻ ശ്രമിച്ചെങ്കിലും ഇരുവാഹനങ്ങളും സിനിമ സ്റ്റൈലിൽ കടക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

വിനയായത് സിനിമാമോഹം

ഉദയംപേരൂർ കള്ളനോട്ട് കേസിൽ ഒന്നാം പ്രതി പ്രിയൻകുമാറിനെ കൊണ്ടെത്തിച്ചത് സിനിമാ സംവിധായകനാകുക എന്ന മോഹമാണ്. പ്രിയൻ കഥയും തിരക്കഥയും തയ്യാറാക്കി നിർമാതാവിനെ സമീപിച്ചെങ്കിലും നിരാശനായി. തുടർന്നാണ് ചാലക്കുടി രണ്ടില സ്വദേശി വഴി നോട്ടിരട്ടിപ്പിൽ കണ്ണിയായത്. കേരളത്തിലെ മുഖ്യയിടപാടുകാരനായ ചാവക്കാട് റഷീദിന്റെ സഹായത്തോടെ

പണം വാങ്ങി കടം തീർക്കാനും ബന്ധുക്കളെ സഹായിക്കാനും സംഭാവന കൊടുക്കാനുമൊക്കെ കള്ളപ്പണം ഉപയോഗിച്ചു. ബന്ധുവായ കരുനാഗപ്പള്ളി സ്വദേശി വാസുദേവനും ഭാര്യ ധന്യയും പിടിക്കപ്പെട്ടു. നാലാം പ്രതിയായ വിനോദിലേക്ക് പൊലീസെത്തിയത് ഇവരുടെ മൊഴിയിലാണ്.