bund
ബണ്ട് പൊളിച്ചു മാറ്റുന്നു

കൊച്ചി: പത്മസരോവരം പദ്ധതിക്കുവേണ്ടി കോർപ്പറേഷൻ മുൻ ഭരണസമിതി എളംകുളം ഡിവിഷനിൽ ചിലവന്നൂർ കായൽനികത്തി നിർമ്മിച്ച ബണ്ട് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) പൊളിച്ചുമാറ്റി. 9.5 കോടി രൂപ ചെലവഴിച്ച് കേന്ദ്രസർക്കാരിന്റെ അമൃത് പദ്ധതിയിലായിരുന്നു നിർമ്മാണം. കായലിനുമീതേ രണ്ടുമീറ്റർവീതം വീതിയിൽ നടപ്പാതയും സൈക്കിൾ പാതയുമായി 530 മീറ്റർ നീളത്തിൽ പാലംനിർമ്മിക്കാനായിരുന്നു തീരുമാനം. പാലത്തിന്റെ തൂണുകൾ നിർമ്മിക്കുന്നതിനുള്ള സൗകര്യത്തിന് വേണ്ടിയാണ് താത്കാലിക ബണ്ട് നിർമ്മിക്കുന്നതെന്നും അതുകഴിഞ്ഞാലുടൻ പൊളിച്ചുമാറ്റുമെന്നുമായിരുന്നു മുൻ മേയർ സൗമിനി ജെയിൻ അവകാശപ്പെട്ടിരുന്നത്.

 കോടതി ഇടപെടൽ

2017 ലാണ് ബണ്ട് നിർമ്മാണം ആരംഭിച്ചത്. തീരദേശപരിപാലനനിയമം ബാധകമായ സ്ഥലത്താണ് ബണ്ട് നിർമ്മിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി വിവരാവകാശ പ്രവർത്തകൻ കെ.ടി. ചെഷയർ രംഗത്തെത്തി.

ബണ്ട് പൊളിച്ചുമാറ്റണമെന്ന് കഴിഞ്ഞ നവംബറിൽ ഹൈക്കോടതി ഉത്തരവിട്ടിട്ടും അധികൃതർ അനങ്ങിയില്ല. ചെഷയർ റവന്യൂ വിജിലൻസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബണ്ട് ഇപ്പോൾ പൊളിച്ചുമാറ്റിയത്.

ചിലവന്നൂർ പാലത്തിനിരുവശത്തുമായി ആറുമീറ്റർ വീതിയിലും ഒരുകിലോമീറ്റർ നീളത്തിലും പാലത്തിനു കിഴക്കുഭാഗത്ത് മെട്രോ സ്റ്റേഷൻമുതൽ സുഭാഷ്ചന്ദ്രബോസ് റോഡുവരെ 600 മീറ്റർ നീളത്തിലുമാണ് പാതനിർമാണത്തിന് കായൽനികത്തിയത്. എതിർപ്പുകളുയർന്നതോടെ സൈക്കിൾപാത ഉപേക്ഷിച്ചെങ്കിലും കായലിൽ മണ്ണിട്ട് നികത്തിയഭാഗം നീക്കംചെയ്തില്ല.

അതോടെ കായലിലെ സ്വാഭാവിക നീരൊഴുക്ക് തടസപ്പെട്ടു.

2019 ഒക്ടോബറിലെ കനത്ത മഴയിൽ സെൻട്രൽ കൊച്ചി വെള്ളത്തിലായത് ബണ്ട് മൂലമാണെന്ന് ആക്ഷേപം ഉയർന്നിരുന്നു.

 വമ്പൻമാരെ സഹായിക്കാൻ

2005 കാലഘട്ടത്തിൽ എൽ.ഡി.എഫിലെ സി.എം. ദിനേശ്‌മണി മേയറായിരിക്കെയാണ് കൊൽക്കത്തയിലെ രവീന്ദ്രസരോവരം മാതൃകയിൽ പത്മസരോവരം എന്ന പദ്ധതി രൂപകല്പന ചെയ്തത്. ഉദ്യാനവും നടപ്പാതയും ഓപ്പൺ തിയേറ്ററുമൊക്കെയുള്ള വിനോദവിശ്രമകേന്ദ്രമാണ് വിഭാവനം ചെയ്തത്. എന്നാൽ അതിൽ കായൽ നികത്തിയുള്ള നിർമാണങ്ങളൊന്നുമില്ലായിരുന്നു.
പിന്നീട് സൈക്കിൾപാതയ്ക്കുവേണ്ടി ബണ്ട് നിർമ്മിക്കുന്നത് കടുത്ത പാരിസ്ഥിതികാഘാതത്തിന് ഇടയാക്കുമെന്ന പരാതിഉയർന്നു. 30 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ബണ്ട് നിർമിച്ചത്. കായലിൽ തെങ്ങിൻകുറ്റികൾ താഴ്ത്തി പ്ലാസ്റ്റിക്കുവല കെട്ടിയശേഷം ചെളിനിറച്ച് കായൽ നികത്തിയാണ് ബണ്ട് ഉയർത്തിയത്. കെ.എം.ആർ.എൽ എക്‌സിക്യുട്ടീവ് ഏജൻസിയായി കളമശേരി കേന്ദ്രമായുള്ള ഡീൻ ഗ്രൂപ്പ് കമ്പനിക്കായിരുന്നു സൈക്കിൾപ്പാത നിർമ്മാണക്കരാർ. സൈക്കിൾപ്പാത നിർമിച്ചശേഷം വൻകിട റിയൽ എസ്‌റ്റേറ്റ് ഗ്രൂപ്പുകൾക്ക് സൗകര്യപ്പെടുംവിധം റോഡായി വികസിപ്പിക്കലായിരുന്നു ഉദ്ദേശമെന്നായിരുന്നു ആക്ഷേപം.

ബണ്ട് നിർമാണത്തിന് തീരദേശ പരിപാലന അതോറിറ്റിയുടെ അനുമതി തേടിയിരുന്നില്ല. ബണ്ട് കെട്ടിയുയർത്തിയപ്പോൾ തന്നെ പ്രതിഷേധമുയർന്നു. വില്ലേജ് ഓഫീസർ ഇടപെട്ട് നിർമാണം തടഞ്ഞു. ഉന്നതതല ഇടപെടലിൽ ഈ വില്ലേജ് ഓഫീസറെ രായ്ക്കുരാമാനം സ്ഥലം മാറ്റിയെങ്കിലും പിന്നീട് കളക്ടർ ഇടപെട്ട് തിരിച്ചെത്തിച്ചു.