കൊച്ചി: കൊവിഡ് രണ്ടാംവ്യാപനം അതിരൂക്ഷമായതിനാൽ പ്രതിരോധ നടപടികൾ ശക്തമാക്കണമെന്ന് സെൻട്രൽ സ്റ്റേഷൻ സർക്കിൾ ഇൻസ്‌പെക്ടർ നിസാർ നിർദ്ദേശിച്ചു. കേരള മർച്ചന്റ്‌സ് ചേംബർ ഒഫ് കൊമേഴ്‌സ് ഓഫീസിൽ ചേർന്ന വ്യാപാര സംഘടനാഭാരവാഹികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഒരുവർഷമായി പാലിച്ചുവരുന്ന കൊവിഡ് പ്രോട്ടോക്കോൾ നടപടികൾ ഊർജ്ജിതപ്പെടുത്താൻ എല്ലാ വ്യാപാരികളും ശ്രദ്ധിക്കണം. പൊതുസമൂഹവുമായി ഏറ്റവുമധികം ബന്ധപ്പെടുന്നത് വ്യാപാരികളാണ്. അതിനാൽ തങ്ങളുടേയും ഉപഭോക്താക്കളുടേയും സുരക്ഷയിൽ വ്യാപാരികൾ പ്രത്യേകം ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.
ചേംബർ വൈസ് പ്രസിഡന്റ് സി.കെ. സണ്ണി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.എം. വിപിൻ നന്ദി പറഞ്ഞു.