കൊച്ചി: ഉരുൾപൊട്ടൽ ഭീഷണിയിൽ മലക്കപ്പാറക്ക് സമീപം അറക്കാപ്പ് ഊരിൽ വർഷങ്ങളായി താമസിക്കുന്ന കുടുംബങ്ങളെ എറണാകുളം ജില്ലയിലെ വൈശാലി ഗുഹാവനം പ്രദേശത്തേയ്ക്ക് മാറ്റിപ്പാർപ്പിക്കണമെന്ന് ആദിവാസി ഐക്യവേദി സംസ്ഥാന ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
മുതുവാൻ, മന്നാൻ, ഉള്ളാടൻ സമുദായക്കാരായ 43 കുടുംബങ്ങളിലെ 33 കുട്ടികളടക്കം 150 പേരാണ് 1980 മുതൽ ഉൗരിൽ താമസിക്കുന്നത്. കുത്തനെ കിടക്കുന്ന മലയുടെ മുകളിലുള്ള ഊരിലേയ്ക്ക് യാത്രാസൗകര്യവും ആശുപത്രിയും അങ്കണവാടിയും സ്‌കൂളും ഉൾപ്പെടെ അടിസ്ഥാനസൗകര്യങ്ങൾ യാതൊന്നുമില്ല. വന്യമൃഗങ്ങളുടെ ശല്യവും ഉരുൾപൊട്ടൽ ഭീഷണിയും വർദ്ധിച്ചിട്ടുണ്ട്.
വനാവകാശ നിയമപ്രകാരം പൂർവികർ താമസിച്ചിരുന്ന വൈശാലി ഗുഹാവനം പ്രദേശത്തേയ്ക്ക് പുനരധിവാസം ആവശ്യപ്പെട്ട് കളക്ടർ, അതിരപ്പിള്ളി പഞ്ചായത്ത് സെക്രട്ടറി, ട്രൈബൽ ഓഫീസർ എന്നിവർക്ക് ഊരുക്കൂട്ടം അപേക്ഷ നൽകിയിട്ടുണ്ട്. ജൂൺ പകുതിയോടെ 25 കുടുംബങ്ങൾ താമസം മാറ്റാൻ തയ്യാറെടുപ്പിലാണെന്ന് ഭാരവാഹികൾ അറിയിച്ചു.
വാർത്താസമ്മേളനത്തിൽ എം.ആർ. ചിത്ര, ബിനു പുത്തൻപുരയ്ക്കൽ, പ്രകാശ് പി.കെ., ഊരുമൂപ്പൻ തങ്കപ്പൻ പഞ്ചൻ എന്നിവർ പങ്കെടുത്തു