കൊച്ചി: മാറ്റങ്ങൾ കൊണ്ടുവരാൻ ആഗ്രഹിക്കുന്നവർ മാറ്റത്തിന് നേതൃത്വം നൽകുകയാണ് വേണ്ടതെന്ന് എസ്.ഇ.ജി ഓട്ടോമോട്ടീവ് ഇന്ത്യ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും പ്രസിഡന്റുമായ അനിൽകുമാർ എം.ആർ പറഞ്ഞു. കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ ലീഡർ ടോക്‌സിൽ ബിസിനസ് ട്രാൻസ്‌ഫോർമേഷൻ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരാജയങ്ങളെ ഭയപ്പെടാതെയും ആവർത്തിക്കാതെയും മുന്നോട്ടുപോകണം. ഏത് മാറ്റത്തിലും മൂന്നു പ്രധാന സംഗതികളുണ്ടാകും. കമ്പോളത്തിന് അനുയോജ്യമായ ഉത്പന്നമായിരിക്കുകയെന്നതാണ് അതിൽ പ്രധാനം. വിശ്വാസം, സുതാര്യത, ടീമായി പ്രവർത്തിക്കുക എന്നിവയാണ് കമ്പനിയുടെ വിജയത്തിനും മുന്നോട്ടുപോക്കിനും സഹായകമാവുക. ഉപഭോക്താവിനെ വിലയിരുത്തി ഉത്പന്നത്തിൽ മാറ്റങ്ങളുണ്ടാക്കുക, മാറ്റങ്ങൾ വരുത്താനുള്ള മനസ്‌കത തുടങ്ങിയവയെല്ലാം വലിയ നേട്ടങ്ങളുണ്ടാക്കും.
വാഹനമേഖലയിൽ വലിയമാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. 2011നും 2015 നുമിടയിൽ ഓട്ടോമോട്ടീവ് കമ്പോളം ഒരു ശതമാനമാണ് വളർന്നത്. 2019ൽ രണ്ട് ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. കൊവിഡ് വ്യാപനത്തെത്തുടർന്ന് 2020 ൽ ഇന്ത്യയിലെ വാഹനവിപണി 25 ശതമാനം താഴേയ്ക്കുപോയതായി അദ്ദേഹം പറഞ്ഞു. കേരള മാനേജ്‌മെന്റ് അസോസിയേഷൻ പ്രസിഡന്റ് ആർ. മാധവ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.

സെക്രട്ടറി ജോമോൻ കെ. ജോർജ്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എസ്.ആർ. നായർ എന്നിവർ സംസാരിച്ചു.