കൊച്ചി: സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾക്ക് വിതരണം ചെയ്യാൻ പ്രതിദിനം ഒന്നര ടൺ വീതം മെഡിക്കൽ ഓക്സിജൻ ബി.പി.സി.എൽ കൊച്ചി റിഫൈനറിക്ക് നൽകുന്നത് വ്യാവസായിക വാതകങ്ങളുടെ മുൻനിരക്കാരായ എയർ പ്രൊഡക്ട്‌സ്. കൊച്ചി അമ്പലമുകളിലെ വാതകസമുച്ചയത്തിൽ നിന്നാണ് വിതരണം.
റിഫൈനറിയുടെ മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമിക്കാൻ ഓക്സിജൻ ഉപയോഗിക്കുന്നുണ്ട്. ഇതിനായി കൂറ്റൻ സംഭരണിയും റിഫൈനറിക്കുണ്ട്. കൊവിഡ് പശ്ചാലത്തിൽ ഓക്സിജൻ സർക്കാർ ആശുപത്രികൾക്ക് സൗജന്യമായി നൽകുന്നതിന് റിഫൈനറി കഴിഞ്ഞ ദിവസം തുടക്കമിട്ടിരുന്നു. തിരഞ്ഞെടുത്ത ആശുപത്രികളിൽ ടാങ്കറുകളിലാണ് ഓക്സിജൻ എത്തിച്ചുനൽകുന്നത്.
കൊച്ചി എണ്ണ ശുദ്ധീകരണ ശാലയിലെ പ്രൊപ്പലിൻ ഡെറിവേറ്റീവ്‌സ് പെട്രോകെമിക്കൽ പദ്ധതിക്കാണ് (പി.ഡി.പി.പി) എയർ പ്രോഡക്ട്സ് വ്യവസായിക ആവശ്യങ്ങൾക്കുള്ള സിൻഗ്യാസ് നൽകുന്നത്. സംയോജിത എണ്ണ ശുദ്ധീകരണ ശാലാ പദ്ധതിക്കു വേണ്ടി (ഐ.ആർ.ഇ.പി) 2017ൽ കമ്മിഷൻ ചെയ്ത് 2018ൽ ഉദ്ഘാടനം ചെയ്ത സമുച്ചയത്തിൽ നിന്ന് എയർ പ്രൊഡക്ട്‌സ് ബി.പി.സി.എല്ലിന് നൽകുന്ന ഓക്സിജനാണ് മെഡിക്കൽ ആവശ്യങ്ങൾക്കായി ബി.പി.സി.എൽ സർക്കാരിന് സൗജന്യമായി നൽകുന്നത്.
കൊവിഡ് കാലത്തും അർപ്പണ ബോധത്തോടെയാണു തങ്ങളുടെ സംഘം പ്രവർത്തിക്കുന്നതെന്ന് എയർ പ്രൊഡക്ട്‌സ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ. സമീർജെ സെർഹാൻ പറഞ്ഞു.
എയർ പ്രൊഡക്ട്‌സ് വിതരണം ചെയ്യുന്ന സിൻഗ്യാസ് പി.ഡി.പി.പി പദ്ധതിയുടെ നിർണായക ഘടകമാണെന്ന് കൊച്ചി റിഫൈനറിയുടെ എക്‌സിക്യുട്ടീവ് ഡയറക്ടർ സഞ്ജയ് ഖന്ന പറഞ്ഞു. അക്രലിക് ആസിഡ്, ഓക്‌സോ ആൾക്കഹോൾ, അക്രലെറ്റ് തുടങ്ങിയ ഉത്പന്നങ്ങളാണ് എയർ പ്രൊഡക്ട്‌സ് വിതരണം ചെയ്യുന്ന വാതകങ്ങൾ ഉപയോഗിച്ചു നിർമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.