കോലഞ്ചേരി: വായിച്ചു വളരാൻ വായനശാല ചങ്ങലയുമായി മുൻ സംസ്കൃതാദ്ധ്യാപകൻ. ചങ്ങനാശേരി എൻ.എസ്.എസ് കോളേജിലെ മുൻ സംസ്കൃത വിഭാഗം മേധാവി ഡോ. കെ.ആർ. പ്രഭാകരനാണ് സ്വന്തം നാടായ തിരുവാണിയൂരിൽ പുതുതലമുറക്കായി നവ സംരഭവുമായി എത്തിയത്. വായനക്കാർക്കായി പഞ്ചായത്തിലെ 15 വായനശാലകളെ ഒന്നിപ്പിക്കുന്നതാണ് പദ്ധതി. കേന്ദ്രീകൃത കമ്പ്യൂട്ടർ സംവിധാനമേർപ്പെടുത്തി ഏതെങ്കിലും ഒരു വായനശാലയിൽ അംഗത്വമുള്ളവർക്ക് മറ്റിടങ്ങളിൽ നിന്നും പുസ്തകങ്ങൾ ലഭിക്കുന്ന വിധമാണ് പദ്ധതി തയ്യാറാക്കുന്നത്. ഒരിടത്തിരുന്നാൽ മറ്റിടങ്ങളിലുള്ള പുസ്തകങ്ങളെ കുറിച്ച് ഓൺലൈൻ വഴി അറിയാനാകും.
റഫറൻസ് ഗ്രന്ഥങ്ങളും, പി.എസ്.സി പരീക്ഷ പരിശീലന പുസ്തകങ്ങളടക്കം വൻ നിരയാണ് ഓരോ വായനശാലയിലും ഇദ്ദേഹം ഒരുക്കിയിരിക്കുന്നത്. സർവീസിൽ നിന്ന് വിരമിച്ചെത്തിയപ്പോഴാണ് ഇത്തരമൊരാശയത്തിന് തുടക്കമിട്ടത്. നാലു വായനശാലകൾ കൂടി പ്രവർത്തന സജ്ജമാകുന്നതോടെ എല്ലാ വാർഡുകളിലും വായനശാലയുള്ള പഞ്ചായത്തും തിരുവാണിയൂരാകും.
സാമൂഹിക അകലം പാലിച്ച് വായിക്കാം
കൊവിഡ് കാലത്തും വായനക്കാർ തമ്മിലുള്ള അകലം കുറക്കുക എന്നതാണ് ശൃംഖല വഴി പ്രധാനമായും ലക്ഷ്യമിടുന്നത്. ഓരോ ആഴ്ചയിലും അംഗങ്ങൾക്കായി ഓൺലൈൻ സെമിനാറുകളും, ക്വിസുകളും സംഘടിപ്പിക്കുന്നുണ്ട്. ഡോ.എൻ.പി. ഉണ്ണി, ഡോ.ജി. ഗംഗാധരൻ,പ്രൊഫസർമാരായ മാത്യു മുട്ടം,പി.മാധവൻപിള്ള, നാരായണൻ നമ്പൂതിരി, എസ്.നാരായണൻ നായർ, ഡോ.വിജയകുമാർ, ഡോ.കെ.ജി. പൗലോസ് എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി. ഇവർ മുൻകൈയെടുത്ത് ചെമ്മനാട്ടിലെ തുടങ്ങിയ ബോധി വായനശാല കേന്ദ്രീകരിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.