കൊച്ചി: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ റേഷൻ വ്യാപാരികളുടെ ആരോഗ്യം സംരക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സ്‌റ്റേറ്റ് റീട്ടെയ്ൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകി.
സർക്കാർ അരി, സൗജന്യഭക്ഷ്യകിറ്റ് റേഷൻ സംവിധാനത്തിലുടെയാണ് വിതരണം ചെയ്യുന്നത്. വലിയ തിരക്ക് അനുഭവപ്പെടുന്നതിനാൽ എല്ലാവിഭാഗം ജനങ്ങളുമായി റേഷൻ വ്യാപാരികൾക്ക് ഇടപഴകേണ്ടി വരുന്നു. ആവശ്യമായ സുരക്ഷയ്ക്ക് സർക്കാരിന്റെ ഭാഗത്തുനിന്ന് നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജി. കൃഷ്ണപ്രസാദ് പറഞ്ഞു.
ആവശ്യമായ ഗ്ലൗസോ സുരക്ഷാ ഉപകാരണങ്ങളോ ഇൻഷ്വറൻസ് പരിരക്ഷയോ വ്യാപാരികൾക്കില്ല. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഇൻഷ്വറൻസ് പദ്ധതിയിൽ റേഷൻ കടഉടമകളെയും ജീവനക്കാരെയും ഉൾപ്പെടുത്തണമെന്നും കടയുടെ നിലവിലെ പ്രവർത്തന സമയത്തിൽ ഇളവ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.