metr

കൊച്ചി: കൊച്ചി മെട്രോ റെയിൽ ജനറൽ മാനേജർ പ്രദീപ് പണിക്കരുടെ വിദ്യാഭ്യാസയോഗ്യതയും പ്രവൃത്തിപരിചയ രേഖകളും സെലക്ഷൻ കമ്മിറ്റി ഒരുമാസത്തിനകം പുനഃപരിശോധിക്കണമെന്നും യോഗ്യതയില്ലെന്നു കണ്ടാൽ തുടർനടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. തമിഴ്നാട് സ്വദേശി ആരോക്യസ്വാമി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വിധി.

20 വർഷത്തെ പ്രവൃത്തിപരിചയവും എച്ച്.ആർ, പേഴ്സണൽ മാനേജ്മെന്റ് വിഷയങ്ങളിലേതെങ്കിലുമൊന്നിൽ പോസ്റ്റ് ഗ്രാജുവേഷനുമാണ് യോഗ്യതയായി പറഞ്ഞിരുന്നത്. റാങ്ക് ലിസ്റ്റിൽ ഒന്നാം സ്ഥാനം പ്രദീപ് പണിക്കർക്കായിരുന്നു. ഹർജിക്കാരന് മൂന്നാം റാങ്കായിരുന്നു. പ്രദീപ് ഹാജരാക്കിയ രേഖകൾ പ്രകാരം രണ്ടുമാസത്തെ പ്രവൃത്തിപരിചയം കുറവാണ്, എക്‌സ്‌പീരിയൻസ് സർട്ടിഫിക്കറ്റിലൊന്ന് കൈപ്പടയിൽ തയ്യാറാക്കിയതാണ്, ഇതിൽ ഒപ്പുവച്ച വ്യക്തിയുടെ വിവരങ്ങൾ നൽകിയിട്ടില്ല എന്നിവയാണ് ഹർജിയിലെ ആരോപണങ്ങൾ. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പേഴ്സണൽ മാനേജ്മെന്റിൽ നിന്നുള്ള ബിരുദ സർട്ടിഫിക്കറ്റാണ് പ്രദീപ് ഹാജരാക്കിയത്. ഇക്കാലയളവിൽ പാർട്ട് ടൈം പി.ജി ഡിപ്ളോമ കോഴ്സ് നടത്താനുള്ള അനുമതി മാത്രമാണ് ഇൗ സ്ഥാപനത്തിന് എ.ഐ.സി.ടി.ഇ നൽകിയിരുന്നതെന്ന് ഹർജിക്കാരൻ രേഖകൾ ഹാജരാക്കി വാദിച്ചു.