പെരുമ്പാവൂർ: കൊവിഡ് വ്യാപന പ്രതിസന്ധി മൂലം പരമ്പരാഗത ഈറ്റ തൊഴിലാളികളായ സാംബവർ പണിയില്ലാതെ കഷ്ടപ്പെടുന്നത് ചൂണ്ടികാണിച്ച് മുഖ്യമന്ത്രിയ്ക്ക് നിവേദനം നൽകി. വല്ലത്ത് പ്രവർത്തിച്ചിരുന്ന ഈറ്റ വിതരണ ഡിപ്പാർട്ട്മെന്റ് ബാംബു കോർപ്പറേഷൻ നിർത്തലാക്കിയതു കൊണ്ട് കോർപ്പറേഷന്റെ അങ്കമാലിയിലുള്ള ഹെഡ് ഓഫീസിൽ പോയി ഈറ്റ വാങ്ങേണ്ടി വരുന്നത് യാത്രാചെലവും വിലക്കയറ്റവും രൂക്ഷമാകുന്നുണ്ട്. പിറവം, വൈക്കം, കോലഞ്ചേരി, പട്ടിമറ്റം, കിഴക്കമ്പലം, കരിമുകൾ, പള്ളിക്കര, വെങ്ങോല, വാഴക്കുളം മേഖലയിൽ നിന്നു ഈറ്റത്തൊഴിലാളികൾക്ക് ഈറ്റ ലഭിക്കുന്നതിനുള്ള ഏക ആശ്രയമായിരുന്നു പെരുമ്പാവൂർ ഈറ്റ വിതരണ ഡിപ്പോ. ഡിപ്പോ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പരമ്പരാഗത ഈറ്റത്തൊഴിലാളികൾ നിരവധി നിവേദനങ്ങൾ സമർപ്പിച്ചിട്ടും നടപടിയുണ്ടായില്ല. പരമ്പരാഗത ഈറ്റത്തൊഴിലാളികളായ സാംബവരെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തൊഴിൽ സംരക്ഷണം നൽകണമെന്ന് പരമ്പരാഗത സാംബവ ഈറ്റത്തൊഴിലാളി ക്ഷേമസംഘം നേതാക്കളായ ശിവൻകദളി, കെ.ഐ. കൃഷ്ണൻകുട്ടി എന്നിവർ നിവേദനത്തിൽ ആവശ്യപ്പെട്ടു.