കൊച്ചി: ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ 25 ശതമാനം കിടക്കകൾ കൊവിഡ് രോഗികൾക്കായി മാറ്റിവയ്ക്കാൻ സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് ഡി.സി.സി പ്രസിഡന്റ് ടി.ജെ. വിനോദ് എം.എൽ.എ മുഖ്യമന്ത്രിക്ക് കത്ത് നൽകി.
സർക്കാർ തീരുമാനപ്രകാരം 20 ശതമാനം കിടക്കകൾ കൊവിഡ് രോഗികൾക്കായി മാറ്റിവയ്ക്കാൻ സ്വകാര്യ ആശുപത്രികൾ തയ്യാറായിട്ടില്ല. കൊവിഡ് രോഗികൾക്കായുള്ള ആശുപത്രികളിലെ ജനറൽ വാർഡുകളിൽപോലും കിടക്ക ലഭ്യമല്ലാത്ത സ്ഥിതിയാണ്. ശ്വാസതടസം ഉൾപ്പെടെ അനുഭവപ്പെടുന്ന രോഗികൾ ദിവസങ്ങളായി വീടുകളിൽ തുടരുന്നു. ആന്റി വൈറൽ മരുന്ന് കിട്ടാനില്ലാത്ത അവസ്ഥയാണ്.
സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടേണ്ടിവരുന്ന പാവപ്പെട്ട കൊവിഡ് രോഗികൾക്കായി സർക്കാർ പ്രഖ്യാപിച്ച കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതിയുടെ സേവനം നഗരത്തിൽ രണ്ട് സ്വകാര്യ ആശുപത്രികളിൽ മാത്രമേ ലഭിക്കുന്നുള്ളു. മുഴുവൻ സ്വകാര്യ ആശുപത്രികളിലും ഈ സൗകര്യം ലഭ്യമാക്കാൻ സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.