പറവൂർ: പൊക്കാളി കൃഷിക്കായി പാടശേഖരങ്ങൾ ഉടൻ ഒരുക്കണമെന്ന ജില്ലാ കളക്ടറുടെ ഉത്തരവ് പഞ്ചായത്ത് തലത്തിൽ കൃഷി ഓഫീസർമാർ അറിയിച്ചിട്ടും കർഷകർ അനങ്ങുന്നില്ല. പൊക്കാളി നിലങ്ങളിലെ മത്സ്യക്കൃഷിയുടെ കാലാവധി ഏപ്രിൽ പതിനാലിന് കഴിഞ്ഞു. പൊക്കാളി കൃഷിക്കായി ബണ്ട് ബലപ്പെടുത്തിയും വെള്ളം വറ്റിച്ചും നിലമൊരുക്കാനുള്ള നടപടികൾ കർഷകർ ഇനിയും തുടങ്ങിയിട്ടില്ല. മത്സ്യക്കൃഷിയിലാണ് കർഷകർക്ക് കൂടുതൽ താത്പര്യം. കാലാവധിക്ക് ശേഷവും പലരും മത്സ്യക്കൃഷി തുടരുകയാണ്.

കഴിഞ്ഞവർഷവും നിർബന്ധിച്ചാണ് കൃഷി ഇറക്കിപ്പിച്ചത്. പഞ്ചായത്തും കൃഷിവകുപ്പും ഫിഷറീസ് വകുപ്പും സാദ്ധ്യമായ സഹായങ്ങൾ എത്തിച്ചു നൽകിയിട്ടും കൃഷിഇറക്കാൻ കർഷകർ മടിക്കുകയാണ്. ഇത്തവണ നിർദ്ദേശങ്ങൾ ലംഘിക്കുന്ന കർഷകർക്ക് തുടർ മത്സ്യക്കൃഷിക്ക് അനുവാദം നൽകില്ലെന്ന് കളക്ടറുടെ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. വിവിധ ഏജൻസികളിൽ നിന്നുള്ള സാമ്പത്തിക ആനുകൂല്യങ്ങളും ഒഴിവാക്കും.

പൊക്കാളി കൃഷി പ്രോത്സാഹിപ്പിക്കാനും പാടശേഖരങ്ങളിലെ സന്തുലിതാവസ്ഥ നിലനിർത്താനും ലക്ഷ്യമിട്ടാണ് ഇത്തവണ കൃത്യമായ ഇടവേളകളിൽ പൊക്കാളി -മത്സ്യക്കൃഷി നടത്താൻ നിർദ്ദേശിച്ചിരിക്കുന്നത്.