പള്ളുരുത്തി: കുമ്പളങ്ങിയിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ബൈക്കിൽ ഹെൽമെറ്റ് ധരിച്ചെത്തുന്ന മോഷ്ടാക്കൾ വഴിയാത്രക്കാരായ മൂന്ന് വീട്ടമ്മമാരുടെ സ്വർണമാലകൾ കവർന്നിട്ടും ഒരാളെപ്പോലും അറസ്റ്റുചെയ്യാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇന്നലെ ഉച്ചയോടെ സാൻജോസ് പള്ളിക്കു സമീപത്തുനിന്നും സുജാതയുടെ രണ്ടരപ്പവൻ സ്വർണമാലയാണ് അവസാനമായി കവർന്നത്. ഇതിന് മുൻപ് പീടിയേക്കൽ ഫിലോമിന, മുൻ പഞ്ചായത്തംഗം എം.പി. രത്തന്റെ ഭാര്യ എന്നിവരുടെ സ്വർണമാലയും കവർന്നു. സമീപത്തെ സി.സി.ടിവിയിൽ ബൈക്കുകാരുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ബൈക്കിലെത്തുന്ന സംഘം ഹെൽമെറ്റ് ധരിച്ചിരിക്കുന്നതിനാൽ തിരിച്ചറിയാൻ പ്രയാസമാണ്. പൊലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ് ജോസഫ് മാർട്ടിൻ മുഖ്യമന്ത്രിക്ക് പരാതി നൽകി.