കളമശേരി: കൊവിഡ് വ്യാപനം വർദ്ധിച്ച സാഹചര്യത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി കളമശേരി നഗരസഭ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ തുടങ്ങുന്നതിനുള്ള തീരുമാനമായി. ചെയർപേഴ്സൺ സീമ കണ്ണന്റെ അദ്ധ്യക്ഷതയിൽ ഓൺലൈനിൽ ചേർന്ന അടിയന്തര കൗൺസിൽ യോഗത്തിലാണ് തീരുമാനം. ഇതിനായി കങ്ങരപ്പടിയിലെ ടൗൺ ഹാൾ ആവശ്യംവന്നാൽ സജ്ജമാക്കാൻ തയ്യാറെടുക്കുകയാണ്. കിടക്കകൾ ആവശ്യത്തിന് നഗരസഭയുടെ പക്കലുണ്ടെങ്കിലും കട്ടിലുകൾ വേണ്ടിവരും. 100 പേർക്ക് ഇവിടെ സൗകര്യം ഒരുക്കാൻ കഴിയും. ശൗചാലയസൗകര്യം പരിമിതമാണ്.
വാർഡ് തലത്തിൽ വാക്‌സിനേഷൻ ക്യാമ്പുകൾ ആരംഭിച്ചത് കളക്ടറുടെ നിർദ്ദേശപ്രകാരം നിർത്തി വച്ചതിനാൽ പല വാർഡുകളിലും വാസിനേഷൻ പൂർത്തിയാക്കാൻ സാധിക്കാതിരുന്നത് പ്രതിപക്ഷ കൗസിലർമാർ ചോദ്യം ചെയ്തു. ഇത് പുനരാരംഭിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
എഫ്.എൽ.ടി.സികൾ തുടങ്ങുന്നതിന് സ്പോൺസർമാരെ കണ്ടെത്തുന്നതിന് ആവശ്യം വന്നാൽ വിവിധ സന്നദ്ധ സംഘടനകളുടെ സഹായം തേടാൻ വിപുലമായ യോഗം വിളിക്കാനും തീരുമാനിച്ചു. കൊവിഡ് രോഗികളുടെ എണ്ണം അറിയാൻ സാധിക്കുന്നില്ലെന്നും കൃത്യമായ കണക്ക് നഗരസഭയെ അറിയിക്കണമെന്ന് കാണിച്ച് കളക്ടർക്കും ആരോഗ്യവിഭാഗത്തിനും കത്തു നൽകാനും തീരുമാനിച്ചു.