കൊച്ചി: കൊവിഡ് പശ്ചാത്തലത്തിൽ ഭക്ഷ്യവിതരണം ഉറപ്പാക്കാൻ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിട്ടി ഒഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ) അടിയന്തര നടപടികൾ തുടങ്ങി. ഓൺലൈനായി താത്കാലിക ലൈസൻസെടുത്ത് ആർക്കും ഭക്ഷ്യ ബിസിനസ് നടത്താം. ഇതിനായി ചില ഇളവുകളും പ്രഖ്യാപിച്ചു. വിതരണം, ഗോഡൗൺ, റീട്ടെയിൽ വില്പന, കേറ്ററിംഗ് തുടങ്ങിയവയ്ക്ക് ഇത് ഉപകരിക്കും.
അപേക്ഷകൾ ഓൺലൈനായി സമർപ്പിച്ച് പുതിയ ബിസിനസ് ആരംഭിക്കാം. ഇളവുകൾ അവസാനിക്കും മുമ്പ് ലൈസൻസ്/രജിസ്ട്രേഷൻ നേടണം. ലൈസൻസിന് അപേക്ഷിച്ച് റഫറൻസ് നമ്പർ വാങ്ങിയശേഷം ഭക്ഷ്യോത്പാദകർക്ക് ശേഷി വർദ്ധിപ്പിക്കാം. ലൈസൻസിന് വേണ്ടി കാത്തിരിക്കണമെന്നില്ല. പാൽ, പാലുത്പന്നങ്ങൾ, കശാപ്പുശാലകൾ, മാംസ ഉത്പന്നങ്ങൾ തുടങ്ങിയവയ്ക്കൊഴികെ ലൈസൻസിന് സ്ഥലപരിശോധന ആവശ്യമില്ല. അടിയന്തര ഘട്ടങ്ങളിലോ പരാതികൾ ഉണ്ടായാലോ പരിശോധനയാകാം. 2020-21ലെ റിട്ടേണുകൾ സമർപ്പിക്കാനുള്ള സമയപരിധി ജൂൺ 30 വരെ നീട്ടി. ലൈസൻസ് പുതുക്കാൻ വൈകിയാൽ പിഴ ഈടാക്കില്ല. ജൂൺ 30 വരെയാണ് ഇളവുകൾ.