ആലുവ: സർക്കാർ നിർദ്ദേശമുണ്ടായിട്ടും കൊവിഡ് വാക്‌സിൻ കേന്ദ്രങ്ങളിൽ തത്സമയ രജിസ്‌ട്രേഷൻ ഏർപ്പെടുത്തിയതിനെത്തുടർന്ന് കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് നീണ്ട ക്യൂ. മുൻകൂട്ടി ഓൺലൈൻ ബുക്കിംഗ് ചെയ്ത മുൻഗണ പട്ടികയിൽപ്പെട്ട രണ്ടാംഡോസുകാരായവർക്ക് വാക്‌സിൻ ലഭിച്ചില്ലെന്നും ആക്ഷേപം.
ചൂർണിക്കര പഞ്ചായത്തിലെ കൊവിഡ് വാക്‌സിൻ കേന്ദ്രത്തിൽ രജിസ്റ്റർ ചെയ്യാത്തവർ വന്നതിനെ തുടർന്ന് രാവിലെ മുതൽ നീണ്ടനിരയുണ്ടായി. വാക്സിനേഷൻ കേന്ദ്രങ്ങളിലെ തിക്കും തിരക്കും ഒഴിവാക്കാനാണ് തത്സമയ രജിസ്ട്രേഷൻ ഉപേക്ഷിക്കാൻ നിർബന്ധിതമായത്.
ക്യൂ ഒഴിവാക്കാനായി രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ കൊവിഡ് വാക്‌സിനേഷൻ സെന്ററുകളിൽ ടോക്കൺ വിതരണം ചെയ്യുകയുള്ളൂവെന്ന് അറിയിപ്പും നൽകിയിരുന്നു. എന്നാൽ പഞ്ചായത്ത് ജനപ്രതിനിധികളും മറ്റും സ്‌പോട്ട് രജിസ്‌ടേഷൻ വേണെമെന്ന് വാശിപിടച്ചതോടെ ക്യൂവിൽ നിൽക്കുന്നവർക്ക് വാക്‌സിൻ കൊടുക്കുകയായിരുന്നു. ചില പഞ്ചായത്തുകളിൽ ഇഷ്ടക്കാരെ തിരുകിക്കയറ്റുന്നതായും പരാതിയുണ്ട്. ഇതോടെ മണിക്കൂറുകൾക്കുള്ളിൽ വാക്‌സിൻ തീരുകയാണ്. 12 മണിയോടെ വാക്‌സിനേഷൻകേന്ദ്രംപൂട്ടി സ്ഥലം വിടുന്നവരുമുണ്ട്.
നേരായ രീതിയിൽ ഓൺലൈൻ രജിസ്റ്റർ ചെയ്ത് വന്നർക്ക് വാക്‌സിൻ കിട്ടുന്നില്ലെന്നാണ് ആക്ഷേപം.
കീഴ്മാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ദിവസങ്ങൾക്ക് മുമ്പേ ഓൺലൈൻ വഴി രജിസ്റ്റർ ചെയ്ത് വന്നവർ നിരാശരായി മടങ്ങി. രാവിലെയെത്തി ടോക്കൺ വാങ്ങിയിട്ടും ഓൺലൈൻ രജിസ്റ്റർ ചെയ്തവർക്ക് വാക്‌സിൻ ലഭിച്ചില്ല. മുൻഗണനാ പട്ടികയിൽപ്പെട്ട രണ്ടാംഡോസ് ലഭിക്കാനുള്ളവരും ഇക്കൂട്ടത്തിലുണ്ട്. തത്സമയ രജിസ്‌ട്രേഷൻ നിരോധിച്ച് ഓൺലൈൻ രജിസ്‌ട്രേഷൻ കർശനമാക്കണമെന്നാണ് രജിസ്റ്റർ ചെയ്തവരുടെ ആവശ്യം.