
കോലഞ്ചേരി: തിരുവാണിയൂർ പഴുക്കാമറ്റം പാഠച്ചെരുവിൽ വിട്ടിൽ ബിജുവിന്റെ ഭാര്യ സൗമ്യ (33)യെ ഇന്നലെ പുലർച്ചെ കിടപ്പുമുറിയിൽ കട്ടിലിനു താഴെ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കിയിൽ നിന്നുമെത്തി ഇവിടെ വാടകയ്‌ക്ക് താമസിക്കുകയാണ് ദമ്പതികൾ. കൂലിപ്പണിക്കാരനായ ബിജുവിന് കൂലിപ്പണിയാണ്. ബിജു കഴിഞ്ഞ 8 ന് കൊവിഡ് പോസിറ്റീവായി വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. സൗമ്യക്ക് ബുധനാഴ്ച രാവിലെ പെട്ടെന്ന് പനിയും ദേഹവേദനയുമുണ്ടായി. ഉച്ചകഴിഞ്ഞ് ശ്വാസതടസ്സമുണ്ടായതായി വിവരം ലഭിച്ചതിനെ തുടർന്ന് ആശ പ്രവർത്തകയെ വിവരമറിയിച്ചു. ഇവർ അറിയിച്ചതനുസരിച്ച് ആരോഗ്യ പ്രവർത്തകർ ഡോക്ടറെ വിവരം ധരിപ്പിച്ച് മരുന്ന് നല്കിയിരുന്നു. പിന്നീട് അസുഖം കുറഞ്ഞതായി ആരോഗ്യ പ്രവർത്തകരെ അറിയിച്ചിരുന്നു. രാത്രി കിടന്നുറങ്ങിയ സൗമ്യ രാവിലെ കട്ടിലിൽ നിന്ന് വീണതായി പുലർച്ചെ ലഭിച്ച വിവരത്തെ തുടർന്ന് ആരോഗ്യ പ്രവർത്തകരെത്തി പരിശോധിച്ചപ്പോഴാണ് മരണ വിവരമറിയുന്നത്. ബിജുവിനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സൗമ്യയുടെ മൃതദേഹം തൃപ്പൂണിത്തുറ ആശുപത്രി മോർച്ചറിയിലാണ്. ഇന്ന് പോസ്റ്റ്മോർട്ടം കഴിഞ്ഞാലേ മരണകാരണം വ്യക്തമാകൂ. പുത്തൻകുരിശ് പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മക്കൾ: ബിസോജിൻ, ബിസോൺ.