ആലുവ: കൊവിഡ് രണ്ടാംതരംഗം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ പൊതുപരീക്ഷകളുടെ ഭാഗമായി നടക്കേണ്ട പ്രായോഗിക പരീക്ഷകൾ മാറ്റിവെക്കണമെന്ന് ഓൾ കേരള സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയൻ സർക്കാരിനോട് ആവശ്യപ്പെട്ടു. ഒരേദിവസം വിവിധ ബാച്ചുകളായി കുട്ടികൾ പ്രായോഗിക പരീക്ഷക്കായി ഒരു മുറിയിൽ എത്തുന്നത് ആരോഗ്യകരമല്ല. ഇത് നടത്താൻ പറ്റാത്ത സാഹചര്യം വന്നാൽ എഴുത്തുപരീക്ഷ സ്‌കോറിന് ആനുപാതികമായി പ്രായോഗികപരീക്ഷകളുടെ മൂല്യനിർണയം കണക്കാക്കി ഫലം പ്രഖ്യാപിക്കണമെന്നും യൂണിയൻ ആവശ്യപ്പെട്ടു.
മേയിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന പ്രൈമറി ക്ലാസുകളിലെ കുട്ടികൾക്കായുള്ള എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകൾ നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂണിയൻ സർക്കാരിന് കത്തയച്ചു. സംസ്ഥാന പ്രസിഡന്റ് എൻ. ശ്രീകുമാർ, ജനറൽസെക്രട്ടറി ഒ.കെ. ജയകൃഷ്ണൻ എന്നിവർ പൊതുവിദ്യാഭ്യാസവകുപ്പിന് നിവേദനവും നൽകിയിട്ടുണ്ട്.