വൈപ്പിൻ: രാത്രികാല മത്സ്യബന്ധനം സമ്പൂർണമായി നിരോധിക്കണമെന്ന് കേരള പരമ്പരാഗത മത്സ്യത്തൊഴിലാളി സമിതി എറണാകുളം ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. തെക്കൻജില്ലകളിൽ പരമ്പരാഗത വള്ളങ്ങളും ബോട്ടുകളും വലിയ ലൈറ്റുകൾ വെള്ളത്തിൽ താഴ്ത്തി രാത്രികാലങ്ങളിൽ മീൻ പിടിക്കുന്നതും കൊച്ചി, മുനമ്പം കേന്ദ്രീകരിച്ച് രാത്രികാലങ്ങളിൽ ട്രോളിംഗ് നടത്തുന്നതും ഹാർബറുകളിൽ ചെറുമീനുകൾ വിൽക്കുന്നതും ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഫിഷറീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടും നടപടികൾ എടുക്കുന്നില്ല.

2014നുശേഷം പരമ്പരാഗത മേഖലയിൽ കടലിൽ ചാളയില്ലാതെയായി. 10 കൊല്ലത്തേക്ക് ചെറുതും വലുതുമായ യാനങ്ങൾ നിർമ്മിക്കുവാൻ പാടുള്ളതല്ലെന്നും പുതിയ യാനങ്ങൾക്ക് രജിസ്‌ട്രേഷനും ലൈസൻസും നൽകരുതെന്നും ചെറിയ കണ്ണിവലകൾ ഉപയോഗിച്ചുള്ള മീൻപിടിത്തം കർശനമായും നിരോധിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.