കോലഞ്ചേരി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നിന്നും മഴുവന്നൂർ പഞ്ചായത്ത് ഒളിച്ചോടുന്നത് പ്രതിഷേധാർഹമാണെന്ന് സി.പി.എം ഏരിയാ കമ്മിറ്റി പ്രസ്താവനയിൽ പഞ്ഞു. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമാണ്. ഇതുവരെ 358 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കളക്ടർ പഞ്ചായത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പഞ്ചായത്ത് തികഞ്ഞ അലംഭാവമാണ് കാട്ടുന്നതെന്നാണ് ആരോപണം. രോഗബാധിതർക്ക് മരുന്നും ആവശ്യമുളളവർക്ക് ഭക്ഷണമോ മറ്റ് സൗകര്യങ്ങളോ ഏർപ്പെടുത്താൻ പഞ്ചായത്ത് തയ്യാറായില്ലട്ടില്ല. കൊവിഡ് സ്ഥിരീകരിച്ചവർ ചികിത്സയില്ലാതെ വീടുകളിൽ കഴിയുന്ന സ്ഥിതിയാണ്. വീട്ടിലെത്തി ചികിത്സ നൽകാനും പഞ്ചായത്ത് ഭരണസമിതി നടപടികൾ സ്വീകരിച്ചിട്ടില്ല. സാമ്പത്തിക ബുദ്ധിമുട്ടുള്ള രോഗികൾക്ക് സ്വകാര്യ ആശുപത്രിയെ സമീപിക്കാനാവാത്ത സ്ഥിതിയാണ്. വളരെ ഗുരുതരമായ സാഹചര്യത്തിൽ ജനങ്ങളുടെ ആശങ്കയകറ്റുന്നതിനും ജില്ലാ ഭരണനേതൃത്വം ഇടപെടണമെന്ന് സി.പി.എം ഏരിയാ സെക്രട്ടറി സി.കെ വർഗീസ് ആവശ്യപ്പെട്ടു.