sanu

തൃക്കാക്കര: വൈഗയുടെ കൊലപാതകത്തിന് ശേഷം ഒളിവിൽ കഴിഞ്ഞ ദിവസങ്ങൾ പിതാവ് സാനു മോഹൻ മദ്യപിച്ച് ലക്കുകെട്ടും ഗോവയിൽ ചൂതാടിയും ആഘോഷിക്കുകയായിരുന്നു. ഗോവയിലെ കാസിനോയിൽ അര ലക്ഷം രൂപ ചൂതാടി കളഞ്ഞു. വൈഗയുടെ മരണത്തിന് ശേഷം അമിതമായി മദ്യപിച്ചിരുന്നതായും സാനു അന്വേഷണ സംഘത്തിന് മൊഴി നൽകി.

മാർച്ച് 23 ന് ഉച്ചയ്ക്ക് വൈഗയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്ന സമയത്ത് കോയമ്പത്തൂരിലെ കർണാട്ടിക് സിനിമാസിൽ 'ദി പ്രീസ്റ്റ്' എന്ന മലയാളം സിനിമ കാണുകയായിരുന്നു സാനു. ഈ ദിവസം മുഴുവൻ മദ്യലഹരിയിലായിരുന്നു.

സാനുവുമായി ഇന്നലെ കോയമ്പത്തൂരിൽ തെളിവെടുപ്പ് പൂർത്തിയാക്കി. ഇവിടെ രണ്ടു ദിവസം താമസിച്ച ഹോട്ടലിലും സ്വന്തം വിലാസമാണ് നൽകിയത്. സി.സി.ടി.വി പരിശോധിച്ചെങ്കിലും നിശ്ചിത ദിവസങ്ങൾ കഴിഞ്ഞതിനാൽ ദൃശ്യങ്ങൾ ലഭിച്ചില്ല. കോയമ്പത്തൂരിലെ സ്വർണക്കടയിൽ 45,000 രൂപയ്ക്ക് പ‌ണയം വച്ച വൈഗയുടെ ബ്രേസ് ലെറ്റും, സാനുവിന്റെ വിവാഹ മോതിരവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പുഴയിൽ തള്ളും മുമ്പ് വൈഗയുടെ ശരീരത്തിൽ നിന്ന് ഉൗരിയെടുത്തതാണ് മാല.

കോയമ്പത്തൂരിൽ സാനു വിറ്റ ഫോക്സ് വാഗൺ അമിയോ ഇന്നലെ വെളുപ്പിന് തൃക്കാക്കര പൊലീസ് സ്റ്റേഷനിലെത്തിച്ചു. കാറിൽ ഫോറൻസിക് പരിശോധന ഇന്ന് നടത്തും. ഈ കാറിലാണ് അബോധാവസ്ഥയിലായ വൈഗയെ പിൻസീറ്റിൽ കിടത്തി മുട്ടാർ പുഴയിൽ തള്ളാൻ കൊണ്ടുപോയത്. കാറിൽ നിന്ന് കുട്ടിയുടെ രക്തമോ മുടിയിഴകളോ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. സാനുവിന്റെ ഫ്ളാറ്റിൽ കണ്ടത്തിയ രക്തക്കറ വൈഗയുടേത് തന്നെയെന്ന ഡി.എൻ.എ ഫലം കഴിഞ്ഞ ദിവസം പൊലീസിന് ലഭിച്ചിരുന്നു. അഞ്ച് വർഷം മുമ്പ് പൂനെയിൽ നിന്ന് കൊച്ചിയിലെത്തിയ ശേഷം സ്വന്തം പേരിൽ സാനു ഫോൺ സിമ്മുകൾ എടുത്തിട്ടില്ല. ഭാര്യ രമ്യയുടെ പേരിലുള്ള സിമ്മാണ് ഉപയോഗിച്ചിരുന്നതെന്നും പൊലീസിന് വിവരം ലഭിച്ചു.