covid

കൊച്ചി : ജില്ലയിൽ 48 പഞ്ചായത്തുകളിൽ 25 % അധികമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. വരാപ്പുഴയിലാണ് ഏറ്റവും ഉയർന്ന നിരക്ക്. 45%. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് സർക്കാർ ആശുപത്രികളിൽ മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്ന അടിയന്തര സ്വഭാവമില്ലാത്ത ശസ്ത്രക്രിയകൾ താത്കാലികമായി നീട്ടിവയ്ക്കും. പി.എച്ച്‌.സികളിലെ ഉച്ചയ്ക്ക് ശേഷമുള്ള ഒ.പി സേവനവും താത്കാലികമായി നിർത്തിവയ്ക്കും. ഈ ഡോക്ടർമാരെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി നിയോഗിക്കാനും കളക്ടർ എസ്. സുഹാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു.

കൊച്ചി കോർപ്പറേഷനിലെ 65, 69 വാർഡുകൾ മൈക്രോ കണ്ടെയ്മെന്റ് സോണുകളാക്കും. നഗരത്തിലേക്കുള്ള റോഡുകൾ കടന്നു പോകുന്നതിനാൽ ഈ പ്രദേശത്തെ കണ്ടെയ്ൻമെന്റ് സോണുകളാക്കാതെ മൈക്രോ കണ്ടെയ്ൻമെന്റ് സോൺ ആക്കി നിലനിർത്തും. കർശന പരിശോധന ഈ പ്രദേശങ്ങളിലുണ്ടാകും. കണ്ടെയ്മെന്റ് സോണുകളിൽ ജിനേഷ്യം പ്രവർത്തിക്കാൻ അനുമതിയില്ല. പാർക്കുകളിൽ പ്രഭാത സവാരി നടത്താമെങ്കിലും പാർക്കിൽ വന്നിരിക്കാനോ കൂട്ടം ചേരാനോ അനുവദിക്കില്ല.

സർക്കാർ തലത്തിലുള്ള പരിശോധനകളിൽ 75 ശതമാനം ആർ.ടി.പി.സി.ആർ ആയിരിക്കണമെന്ന് ഉറപ്പാക്കണം. മെഡിക്കൽ കോളേജിൽ 120 കിടക്കകൾ സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ അടുത്ത ദിവസം മുതൽ രോഗികളെ പ്രവേശിപ്പിക്കാൻ കഴിയും. ജില്ലയിലെ വാക്‌സിൻ വിതരണത്തിന് കൃത്യമായ ക്രമീകരണങ്ങൾ ഉടൻ ഏർപ്പെടുത്തും. കളക്‌ടർ പറഞ്ഞു.

കൊച്ചി മേയർ അഡ്വ.എം. അനിൽകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, സിറ്റി പോലീസ് കമ്മീഷണർ എച്ച്. നാഗരാജു, ആലുവ റൂറൽ എസ്.പി. കെ. കാർത്തിക്, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ എസ്. ഷാജഹാൻ, ഡിഎംഒ ഡോ. എൻ.കെ. കുട്ടപ്പൻ, ജില്ലാ സർവെയ്‌ലൻസ് ഓഫീസർ ഡോ. എസ്. ശ്രീദേവി, എൻഎച്ച്എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. മാത്യൂസ് നമ്പേലി തുടങ്ങിയവർ ഓൺലൈൻ യോഗത്തിൽ പങ്കെടുത്തു.