വൈപ്പിൻ: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മുനമ്പം ഫിഷിംഗ് ഹാർബറിലും മിനി ഹാർബറിലും ഇന്നുമുതൽ പ്രവേശനത്തിന് പാസ് ഏർപ്പെടുത്തും. പൊലീസ്, ആരോഗ്യം, ഫിഷറീസ് വകുപ്പുകൾ സംയുക്തമായി വിളിച്ചുചേർത്ത ബോട്ടുടമകളുടേയും തരകൻമാരുടേയും കച്ചവടക്കാരുടേയും തൊഴിലാളികളുടേയും പ്രതിനിധികളുടെ സംയുക്തയോഗത്തിലാണ് തീരുമാനം.
ഓരോ വിഭാഗത്തിനും വ്യത്യസ്തനിറത്തിലുള്ള പാസുകൾ നൽകും. അനാവശ്യമായി ഹാർബറിൽ എത്തുന്നവരെ,ഒഴിവാക്കാനും കൂടുതൽ ആളുകളുടെ പ്രവേശനം നിയന്തിക്കാനുമാണ് ഈ നടപടി. കഴിഞ്ഞവർഷം ട്രോളിംഗ് നിരോധനത്തിന് ശേഷം മത്സ്യബന്ധനം ആരംഭിച്ചപ്പോൾ നടപ്പാക്കിയ സംവിധാനമാണ് വീണ്ടും പുന:സ്ഥാപിക്കുന്നത്. പ്രവേശന കവാടത്തിൽ വെച്ച് പാസുകൾ പൊലീസ് പരിശോധിച്ചശേഷമേ ആളുകളെ അകത്തേക്ക് കയറ്റിവിടുകയുള്ളു.