കൊച്ചി: കത്വ പെൺകുട്ടിയുടെ പേരിൽ പിരിച്ച പണം തിരിമറി നടത്തിയെന്ന പരാതിയിൽ യൂത്ത് ലീഗ് നേതാവ് സി.കെ. സുബൈറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അഞ്ചു മണിക്കൂർ ചോദ്യം ചെയ്തു വിട്ടയച്ചു.

കൊച്ചിയിലെ ഇ.ഡി ഓഫീസിലേയ്ക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. മുസ്ളീം ലീഗ് മുൻ നേതാവ് യൂസഫ് പടനിലം നൽകിയ പരാതിയിലാണ് ചോദ്യം ചെയ്യൽ. കത്വ പെൺകുട്ടിയുടെ കുടുംബത്തെ സഹായിക്കാൻ സമാഹരിച്ച പണം പൂർണമായി കൈമാറാതെ തിരിമറി നടത്തിയെന്നാണ് പരാതി.

കത്വ ഫണ്ട് ശേഖരണത്തിൽ തനിക്ക് ഒന്നും മറച്ചുവയ്ക്കാനില്ലെന്ന് സി.കെ. സുബൈർ ചോദ്യം ചെയ്യലിന് ശേഷം പറഞ്ഞു. എല്ലാ കാര്യങ്ങളും ഇ.ഡിയെ ബോധിപ്പിച്ചു. വീണ്ടും ഹാജരാകണമെന്ന് ഇ.ഡി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.