thomas
സി.ഡി ശേഖരത്തിന് മുന്നിൽ തോമസ് കുന്നേൽ

തൃപ്പൂണിത്തുറ: സിനിമയും സംഗീതവും നൂതനസാങ്കേതിക സംവിധാനങ്ങൾക്ക് വഴിമാറിയെങ്കിലും സി.ഡികൾ ശേഖരിക്കുന്നത് വിനോദമാക്കിയിരിക്കുകയാണ് തൃപ്പൂണിത്തുറ കുന്നേൽവീട്ടിൽ തോമസ്. മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് പുറത്തിറങ്ങിയ സിനിമകളും ഗാനങ്ങളുമൊക്കെ ഇദ്ദേഹത്തിന്റെ കൈവശം ഭദ്രമാണ്.

പഴയകാല ചിത്രങ്ങളും ഗാനങ്ങളും അടങ്ങിയ ആയിരത്തിലേറെ സി.ഡികൾ കൈയിലുണ്ട്. 30 വർഷം മുമ്പ് റെക്കാഡിംഗ് സംവിധാനവും സി.ഡി വില്പനയുമായാണ് തുടക്കം. അത്യാവശ്യം പാടാൻ കഴിവുള്ളതിനാൽ വിദ്യാലയങ്ങളിലും കലോത്സവത്തിലും മറ്റും നാടോടിനൃത്തത്തിനുള്ള ഗാനങ്ങൾ ചിട്ടപ്പെടുത്തിയും ആലപിച്ചുമാണ് ജീവിച്ചുപോന്നത്. സാങ്കേതികത്വം സി.ഡികളെ പിന്നിലാക്കിയെങ്കിലും പഴയകാല ഗാനങ്ങൾ പെൻഡ്രൈൈവിൽ പകർത്തിയെടുക്കാൻ വരുന്നവർ ഏറെയാണ്. ഈയിടെ 500 ഗാനങ്ങൾ അടങ്ങിയ സി.ഡി തിരുവനന്തപുരം സ്വദേശി വാങ്ങിയതായി തോമസ് പറഞ്ഞു. ചലച്ചിത്ര ഗാനങ്ങൾ, ജ്ഞാനപ്പാന, കീർത്തനങ്ങൾ, ഭക്തിഗാനങ്ങൾ എന്നിവയെല്ലാം ശേഖരത്തിലുണ്ട്. യേശുദാസ്, എസ്. ജാനകി, എം.എസ്. സുബ്ബലക്ഷ്മി എന്നിവരുടെ പാട്ടുകൾക്കാണ് ഡിമാൻഡ്. വയലാർ രാമവർമ്മ, ശ്രീകുമാരൻ തമ്പി തുടങ്ങിയവർ എഴുതിയ സിനിമാഗാനങ്ങൾക്കും ആവശ്യക്കാരേറെയാണ്.