fact-society
ഏലൂരിലെ ആദ്യകാല സൂപ്പർ മാർക്കറ്റായ ഫാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റി

കളമശേരി: പ്രതാപകാലം വീണ്ടെടുക്കാനൊരുങ്ങി ജില്ലയിലെ ആദ്യകാല സൂപ്പർ മാർക്കറ്റായ ഫാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി . ഫാക്ടിന്റെ തളർച്ചയിൽ പ്രതിസന്ധിയിലായ സ്ഥാപനം ശക്തമായി തിരിച്ചു വരവിനൊരുങ്ങുകയാണിപ്പോൾ.

സൂപ്പർമാർക്കറ്റും ഓൺലൈൻ പർച്ചേസും എ.ടി.എം കാർഡും ന്യൂജെൻ തലമുറയുടെ ജീവിത ഭാഗമാണെങ്കിൽ ഇതിന്റെ ആദ്യകാലരൂപം വിജയകരമായി നടപ്പാക്കിയ സ്ഥലമാണ് ഫാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി. പലവ്യഞ്ജനം, സ്റ്റേഷനറി, ടെക്സ്റ്റൈൽ, മെഡിസിൻ, റേഷൻഷോപ്പ്, ധാന്യങ്ങളും മറ്റും പൊടിക്കുന്ന മിൽ , പാചകവാതകം, തുടങ്ങിയവയെല്ലാം ഒരു കുടക്കീഴിൽ പ്രവർത്തിച്ചിരുന്നു. ഇന്നും ഭേദപ്പെട്ട ഡിസ്ക്കൗണ്ട് ഇവിടുണ്ട്. 1300 ഓളം അംഗങ്ങൾക്ക് ഗ്യാസ് സിലിണ്ടറും നൽകുന്നതായി സെക്രട്ടറി പി.ജി പ്രസാദ് പറഞ്ഞു

1947 സെ പ്തംബർ 26 ന് ഫാക്ട് ജംഗ്ഷനിലെ മാർക്കറ്റിംഗ് ഡിവിഷന്റെ കെട്ടിടത്തിലായിരുന്നു മാർക്കറ്റ് തുടങ്ങിയത്. പിന്നീട് പോസ്റ്റ് ഓഫീസിനടുത്ത് പുതിയ കെട്ടിടം പണികഴിപ്പിച്ച് മാറി. 42 ജീവനക്കാരുണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് 7 താത്കാലിക ജീവനക്കാരായി ചുരുങ്ങി. ഫാക്ട് ജീവനക്കാർക്ക് ക്രെഡിറ്റ് സൗകര്യവും ഇവിടെ നൽകിയിരുന്നു. റേഷൻ കാർഡിന്റെ വലിപ്പമുള്ള പാസ്ബുക്ക് ഇന്നത്തെ എ.ടി.എം കാർഡെന്നു പറയാം. പറ്റ് തുക ജീവനക്കാരുടെ മാസശമ്പളത്തിൽ നിന്ന് പിടിക്കും. മറ്റുള്ളവർക്ക് പണം കൊടുത്താൽ സാധനങ്ങൾ കിട്ടും.

ടൗൺഷിപ്പിൽ 1975ൽ ഫാക്ട് ഹൗസിനു സമീപം ഏറെക്കാലം ഒരു ശാഖയും പ്രവർത്തിച്ചു.

പാസ്ബുക്കും ലിസ്റ്റും നൽകിയാൽ അത് സൈക്കിളിൽ വീട്ടിലെത്തിച്ചു തരാൻ ചുമട്ടുതൊഴിലാളികളായ നാലുപേർ സദാസമയവും റെഡിയായിരുന്നു. ഓൺലൈൻ പർച്ചേസിന്റെ അന്നത്തെ രീതി അതായിരുന്നു. കാവൽക്കാരനായിരുന്ന ഗൂർഖയും ഇന്നില്ല.

ഫാക്ട് മാനേജുമെന്റ് നോമിനേറ്റ് ചെയ്ത എം.എ. ജോയി പ്രസിഡന്റും ഡയറക്ടർ ബോർഡ് അംഗങ്ങളായി കെ.എ.നന്ദകുമാർ , ഡി.സുനിത, റോളണ്ട് വർഗീസ്, കൂടാതെ ജീവനക്കാരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട എം.കെ. സുഭാഷണൻ, കെ.ജി.ബിന്ദു രാജ്, ഗീത.വി. മേനോൻ, പി.കെ.വാസന്തി, കെ.എസ്. സുനിൽ , അബ്ദുൾ സമദ് എന്നിവരുമാണ് ഭരണ സമിതി.

ആധുനിക സൗകര്യങ്ങളോടു കൂടിയ സൂപ്പർ മാർക്കറ്റാക്കി ഫാക്ട് ഷോപ്പിംഗ് കോംപ്ളക്സിലേക്ക് മാറ്റി സ്ഥാപിക്കുവാൻ മാനേജുമെന്റ് പച്ചക്കൊടി വീശിക്കഴിഞ്ഞു. സി. എം. ഡി. കിഷോർ രുംഗ്തയും ജനറൽ മാനേജർ ഏ.ആർ. മോഹൻ കുമാറും വേണ്ട താല്പര്യമെടുത്തിട്ടുണ്ടെന്നും സുഭാഷണൻ പറഞ്ഞു.