കൊച്ചി: വൈദ്യുതി ഉപകരണങ്ങൾ അരമണിക്കൂർ വീടുകളിൽ അണച്ച് ഒത്തൊരുമിക്കാം ഭൂമിക്കായി എന്ന മുദ്രാവക്യവുമായി ലോകഭൗമദിനം ആചരിച്ചു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലെ ദേശീയ ഹരിതസേന, കേന്ദ്ര ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോ, തിരുവാങ്കുളം മഹാത്മാ സ്റ്റഡിസർക്കിൾ എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി.
മാനവസമൂഹത്തിന്റെ നിലനിൽപ്പിനായി മെഴുകുതിരി വെളിച്ചത്തിൽ ഒത്തൊരുമിച്ചാണ് ഭൗമ ദിനാചരണം സംഘടിപ്പിച്ചത്. കേന്ദ്ര ഫീൽഡ് ഔട്ട് റീച്ച് വിഭാഗം ഓഫീസർ എൽ.സി. പൊന്നുമോൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എം.ആർ. അമൽ അദ്ധ്യക്ഷത വഹിച്ചു. പ്ളസ് ടു, ഹൈസ്‌കൂൾതല വിദ്യാർത്ഥികൾക്ക് വെബിനാറും രക്ഷകർത്താക്കൾക്കായി കുടുംബസദസും നടത്തി. പരിസ്ഥിതി പ്രവർത്തകനും ബാലസാഹിത്യകാരനുമായ വേണു വാര്യത്ത് നേതൃത്വം നൽകി. വൈശാഖ് വിജയകുമാർ കവിത ആലപിച്ചു. ആർ.സി.സി പ്രസിഡന്റ് ആർ. കൃഷ്ണാനന്ദ്, സ്റ്റഡി സർക്കിൾ കണയന്നൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് ആയുഷ് ബാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് ജെറി ജോൺസൻ, അരുൺ നന്ദകുമാർ, കോ ഓർഡിനേറ്റർ എം. രഞ്ജിത്കുമാർ എന്നിവർ നേതൃത്വം നൽകി.