കൊച്ചി: പൊതുജനാരോഗ്യത്തിൽ ആയുർവേദത്തിന്റെ പ്രസക്തി വർദ്ധിച്ചതായി ഓൺലൈൻ ആയുർവേദ സെമിനാർ വിലയിരുത്തി. ആയുർവേദ സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ കൂടുതൽ സർക്കാർ ഇടപെടലുകൾ അനിവാര്യമെന്നും സെമിനാർ അഭിപ്രായപ്പെട്ടു.
ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യയുടെ എറണാകുളം മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കോതമംഗലം നങ്ങേലിൽ ആയുർവേദ മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെയാണ് സെമിനാർ സംഘടിപ്പിച്ചത്.
കൊവിഡ് മുതലായ പകർച്ചവ്യാധികളുടെ പ്രതിരോധം, ചികിത്സ, രോഗാനന്തര പരിചരണം എന്നിവയിൽ ആയുർവേദം ഫലപ്രദമായി ഉപയോഗപ്പെട്ടു. ചിക്കുൻഗുനിയയെ നേരിട്ട അനുഭവങ്ങളും ജീവിതശൈലീ രോഗനിയന്ത്രണങ്ങളും സെമിനാറിൽ ചർച്ചചെയ്തു.
ആയുർവേദ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. രാജു തോമസ് സെമിനാർ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ഡോ. കെ.എസ്. വിഷ്ണുനമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. കേരള ഹെൽത്ത് അസിസ്റ്റന്റ് ഡയറക്ടർ ഡോ. സി.ആർ. ജയശങ്കർ, റിട്ട. ആയുർവേദ ഡി.എം.ഒ ഡോ. രതി ബി ഉണ്ണിത്താൻ, സീനിയർ ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. ആർ.കൃഷ്ണകുമാർ എന്നിവർ സെമിനാറിന് നേതൃത്വം നൽകി.
ആയുർവേദ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. സാദത്ത് ദിനകർ, എ.എം.എ റിസർച്ച് ഫൗണ്ടേഷൻ ചെയർമാൻ ഡോ. വി.ജി. ഉദയകുമാർ എന്നിവർ മോഡറേറ്റർമാരായിരുന്നു. മേഖലാ സെക്രട്ടറി ഡോ. എം.എസ്. നൗഷാദ്, നങ്ങേലിൽ ആയുർവേദ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എ.ജി. പ്രസന്നകുമാരി, അസോസിയേഷൻ മേഖലാ ഡോ. ജോയ്‌സ് കെ. ജോർജ്, വനിതാ ചെയർപേഴ്‌സൺ ഡോ. സീനിയ അനുരാഗ്, ഡോ. ബിനോയ് ഭാസ്‌കരൻ, ഐശ്വര്യ വി.ബി എന്നിവർ സംസാരിച്ചു.