കൊച്ചി: വിപണിയിൽ സുലഭമല്ലാത്ത മരുന്നിന്റെ കുറിപ്പടികളുമായി കൊവിഡ് രോഗികളുടെ ബന്ധുക്കൾ നെട്ടോട്ടത്തിൽ. ഗുരുതരാവസ്ഥയിലാകുന്ന രോഗികൾക്ക് പുറത്തുനിന്ന് വാങ്ങിനൽകാൻ ഡോക്ടർമാർ കുറിച്ചുകൊടുക്കുന്ന റെംഡെസിവിർ ആന്റി വൈറൽ ഇൻജക്ഷനു വേണ്ടിയാണ് ആളുകൾ പരക്കംപായുന്നത്.
ഇടുക്കി ഉൾപ്പെടെ മലയോരമേഖലയിലെ രോഗികളോട് എറണാകുളത്ത് മരുന്നുകിട്ടുമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. എറണാകുളത്തെ ആശുപത്രികളിൽ അന്വേഷിക്കുമ്പോൾ തങ്ങളുടെ ഐ.സി.യുവിലുള്ള രോഗികൾക്ക് നൽകാൻ കുറച്ചുമാത്രം മരുന്ന് സ്റ്റോക്കുണ്ട്, പുറത്തു കൊടുന്നില്ല എന്ന മറുപടിയാണ് ലഭിക്കുന്നതെന്ന് രോഗികളുടെ ബന്ധുക്കൾ പറഞ്ഞു. മരുന്ന് കിട്ടിയാൽ രോഗി രക്ഷപെടുമെന്ന പ്രത്യാശയിൽ ഓടിനടക്കുന്ന ബന്ധുക്കൾ കൊവിഡ് ഭീതിക്കൊപ്പം കടുത്ത മാനസിക സംഘർഷത്തിലും അകപ്പെടുന്നുവെന്നതാണ് ഇതുമൂലം സംഭവിക്കുന്ന ദുരന്തം.
ബയോഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഗിലീഡ് സയൻസസ് വികസിപ്പിച്ചെടുത്ത മരുന്നാണ് റെംഡെസിവിർ. ഇത് കൊവിഡിനുള്ള യഥാർത്ഥ പ്രതിവിധിയുമല്ല. കഴിഞ്ഞവർഷം മുതൽ ലോകത്താകമാനം കൊവിഡ് രോഗികളിൽ കുത്തിവയ്ക്കുന്നുണ്ട്. ഗുരുതരാവസ്ഥയിൽ ഐ.സി.യുവിൽ പ്രവേശിപ്പിക്കുന്ന രോഗികൾക്കാണ് പ്രധാനമായും നൽകുന്നത്.
മരുന്നിന് സാധാരണക്കാർക്ക് താങ്ങാവുന്നതിനപ്പുറമാണ് വില. പുറത്ത് 4,000 വരെ വിലയുള്ള മരുന്ന് 899 രൂപയ്ക്ക് ജൻ ഔഷധിയിൽ നിന്ന് ലഭിക്കുമെന്നാണ് പറയപ്പെടുന്നത്. ജൻ ഔഷധിയുടെ ആപ്പിൽ സേർച്ച് ചെയ്തുചെയ്താൽ മരുന്നിനെ കുറിച്ച് യാതൊരുവിവരവും ലഭിക്കുന്നുമില്ല.
രാജ്യത്ത് ശരാശരി 1.5 ലക്ഷം ഡോസ് റെംഡെസിവിർ ഉത്പാദിപ്പിക്കുന്നുണ്ടെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അടുത്തിടെ പുറത്തുവിട്ട കണക്കിൽ വ്യക്തമാക്കിയിരിക്കുന്നത്. ഇത് ഇരട്ടിയായി വർദ്ദിപ്പിക്കുന്നതിന് 20 മരുന്ന് കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കേന്ദ്ര മന്ത്രി ഹർഷവർദ്ധനന്റെ ട്വിറ്റ് ഉദ്ധരിച്ച് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കമ്പനികൾ ഉദ്പ്പാദനം കൂട്ടിയാലും ആവശ്യത്തിന് മരുന്ന് വിപണിയിലെത്താൻ ഇനിയും ഒരാഴ്ചയിലധികം കാത്തിരിക്കണം. അതിനിടെയാണ് മരുന്ന് ലഭ്യമല്ലെന്നറിഞ്ഞിട്ടും ഡോക്ടർമാർ റെംഡെസിവിർ കുറിച്ചുനൽകി രോഗികളുടെ ബന്ധുക്കളെ വട്ടംചുറ്റിക്കുന്നത്.