ആലുവ: ആലുവ മേഖലയിൽ കൊവിഡ് വ്യാപനം രൂക്ഷമായിട്ടും ഫസ്റ്റ് ലെവൽ ട്രീറ്റ്മെന്റ് സെന്ററുകൾ സ്ഥാപിക്കാത്ത ഗ്രാമപഞ്ചായത്ത് - നഗരസഭ ഭരണസമിതികൾക്കെതിരെ പ്രതിഷേധവുമായി ബി.ജെ.പി. പൂർണമായി കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച എടത്തലയിലും കൊവിഡ് പോസിറ്റിവിറ്റി 43 ശതമാനമുള്ള കീഴ്മാട് ഗ്രാമപഞ്ചായത്തിൽ പോലും എഫ്.എൽ.ടി.സികൾ ആരംഭിച്ചിട്ടില്ല.
കൊവിഡിന്റെ ആദ്യഘട്ടത്തിൽ പൊതുജനങ്ങളിൽനിന്നും വിവിധ സംഘടനകളിൽനിന്നും ലഭിച്ച സാധനസാമഗ്രികൾ ഉണ്ടായിട്ടും എഫ്.എൽ.ടി.സികൾ ആരംഭിക്കാത്ത പഞ്ചായത്ത് - നഗരസഭ അധികാരികളുടെ നടപടി പ്രതിഷേധാർഹമാണെന്നും ഇതിനെതിരെ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനും പരാതി നൽകുമെന്നും ബി.ജെ.പി ആലുവ നിയോജക മണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ, ജനറൽ സെക്രട്ടറിമാരായ സി. സുമേഷ്, രമണൻ ചേലക്കുന്ന് എന്നിവർ അറിയിച്ചു.
ആലുവ നിയോജക മണ്ഡലതലത്തിലും പഞ്ചായത്തുതലത്തിലും ബി.ജെ.പിയുടെ നേതൃത്വത്തിൽ കൊവിഡ് രോഗികൾക്ക് അവശ്യമായ സേവനങ്ങൾ നൽകുന്നതിനായി ഹെൽപ്പു ഡെസ്‌കുകൾ തുറക്കുമെന്നും നേതാക്കൾ അറിയിച്ചു.