കൊച്ചി: കൊവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 628 കിടക്കകൾ. രോഗികൾക്കായി ഒരുക്കിയ 1535 കിടക്കകളിൽ 907 പേർ നിലവിൽ ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ സാധിക്കാത്തവർക്കായി തയ്യാറാക്കിയ ആറ് ഡൊമിസിലറി കെയർ സെൻററുകളിലായി 152 പേർ ചികിത്സയിലുണ്ട്. ഇവിടങ്ങളിൽ 279 കിടക്കകൾ ഒഴിവുണ്ട്. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കൂടുതൽ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെൻറ് സെൻററുകൾ വരും ദിവസങ്ങളിൽ സജ്ജമാക്കും.
ബി.പി.സി.എൽ, ടി.സി.എസ് എന്നീ സ്ഥാപനങ്ങൾ അവരുടെ ജീവനക്കാർക്കായി ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെൻറ് സെന്ററുകൾ സജ്ജമാക്കിയിട്ടുണ്ട്. 9 കേന്ദ്രങ്ങളിലായി തയ്യാറാക്കിയ സെക്കൻറ് ലൈൻ ട്രീറ്റ്‌മെൻറ് സെന്ററുകളിൽ 417 കിടക്കകൾ സജ്ജമാക്കി. ഇവിടങ്ങളിൽ 318 പേർ ചികിത്സയിലുണ്ട്. ഓക്‌സിജൻ കിടക്കകൾ അടക്കമുള്ള സെക്കന്റ് ലൈൻ ട്രീറ്റ്‌മെൻറ് സെന്ററുകളിൽ കാറ്റഗറി ബി യിൽ ഉൾപ്പെടുന്ന രോഗികളെയാണ് പ്രവേശിപ്പിക്കുന്നത്.
കൊവിഡ് ചികിത്സാരംഗത്തുള്ള മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള ഒൻപത് സർക്കാർ ആശുപത്രികളിലായി 639 കിടക്കകൾ സജ്ജമാണ്. നിലവിൽ 416 പേർ ചികിത്സയിലുണ്ട്. ജില്ലയിലെ വിവിധ ആശുപത്രികളിലായി 223 കിടക്കകളും ലഭ്യമാണ്.