ആലുവ: കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ആലുവ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളിൽ നിന്നും മൂന്ന് ബാറ്ററികൾ കളവുപോയി. വ്യാഴാഴ്ച ഗുഡ്സ് ഓട്ടോറിക്ഷയിൽനിന്ന് ബാറ്ററി മോഷണം പോയതിന് പിന്നാലെ ഇന്നലെ ദേശീയപാതയിൽ മുട്ടത്ത് നിർത്തിയിട്ടിരുന്ന ഹൈഡ്ര ക്രെയിൻ വാഹനത്തിന്റെ ബാറ്ററിയും നഷ്ടമായി.
ഇന്നലെ രാവിലെ ഡ്രൈവർ ജിനോ വാഹനത്തിനടുത്ത് വന്നപ്പോൾ വാഹനത്തിന്റെ വാതിൽ ലോക്ക് തകർത്ത നിലയിൽ കണ്ടെത്തി. തുടർന്ന് പരിശോധിച്ചപ്പോഴാണ് അകത്തുണ്ടായിരുന്ന ബാറ്ററി നഷ്ടപ്പെട്ട വിവരം അറിഞ്ഞത്.
ഓട്ടോറിക്ഷയിൽ നിന്ന് മോഷ്ടിച്ച ബാറ്ററി കണ്ടുകിട്ടി:
കൈമറിഞ്ഞെത്തിയത് നേരത്തെ വാങ്ങിയ കടയിൽ
ആലുവ: ദേശീയപാത സർവീസ് റോഡിൽ നിറുത്തിയിട്ട ഗുഡ്‌സ് ഓട്ടോറിക്ഷയിൽ നിന്നും വ്യാഴാഴ്ച പട്ടാപ്പകൽ മോഷ്ടിച്ച ബാറ്ററി തൊഴിലാളികളുടെ പരിശ്രമത്തിനൊടുവിൽ ഇന്നലെ രാവിലെ കണ്ടുകിട്ടി. ബാറ്ററി ഉടമയായ ഐ.എൻ.ടി.യു.സി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി പോളി ഫ്രാൻസിസ് ആറ് മാസം മുമ്പ് ഇത് വാങ്ങിയ അതേ കടയിൽ തന്നെയാണ് കൈമറിഞ്ഞെത്തിയത്.
ബാറ്ററി മോഷണം സംബന്ധിച്ച് ഇന്നലത്തെ മാദ്ധ്യമവാർത്ത ശ്രദ്ധയിൽപ്പെട്ട ആലുവ മാർക്കറ്റ് ഓട്ടോറിക്ഷ സ്റ്റാൻഡിലെ ഡ്രൈവറും ബി.എം.എസ് നേതാവുമായ സുഗതൻ പോളി ഫ്രാൻസിസിനെ വിളിച്ചാണ് മോഷണം സംബന്ധിച്ച തുമ്പ് നൽകിയത്. വ്യാഴാഴ്ച വൈകിട്ട് തന്റെ ഓട്ടോറിക്ഷയിൽ അപരിചതനായ ഒരാൾ തൂക്കുസഞ്ചിയുമായി വന്ന് തോട്ടക്കാട്ടുകരയിലെ ആക്രിക്കടയിലേക്ക് ഓട്ടം വിളിച്ചെന്നും സഞ്ചിയിൽ ബാറ്ററിയായിരുന്നുവെന്ന് സംശയമുണ്ടെന്നും അറിയിച്ചു. ഇതനുസരിച്ച് പോളിയും സഹപ്രവർത്തകരും ആക്രിക്കടയിലെത്തി കാര്യങ്ങൾ തിരക്കി. 1000 രൂപക്ക് ബാറ്ററി വാങ്ങിയെന്നും സമീപത്തെ ബാറ്ററിക്കടയിൽ മറിച്ച് വിറ്റെന്നും അറിയിച്ചു.
തുടർന്ന് കടഉടമയുമായി ബന്ധപ്പെട്ടപ്പോഴാണ് 3200 രൂപക്ക് ആക്രിക്കാരനിൽ നിന്നും ബാറ്ററി വാങ്ങിയ വിവരം ലഭിച്ചത്. തുടർന്ന് ആലുവ പൊലീസ് പോളിക്ക് കടയിൽ നിന്നും ബാറ്ററി വാങ്ങി നൽകി. തകരാറിലായ ബാറ്ററിയും 2800 രൂപയും നൽകിയാണ് പോളി ഇവിടെനിന്നും നേരത്തെ ഈ ബാറ്ററി വാങ്ങിയത്.