മൂവാറ്റുപുഴ: നഗരസഭാ അതിർത്തിയിൽ സി.എഫ്.എൽ.ടി.സികൾ ഉടൻ ആരംഭിക്കണമെന്ന് പ്രതിപക്ഷനേതാവ് ആർ. രാഗേഷ് ആവശ്യപ്പെട്ടു. ദിനംപ്രതി കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചുവരികയാണ്. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലും ഹോമിയോ ആയുർവേദ ആശുപത്രികളിലുമുള്ള സൗകര്യം ഇന്നത്തെ സാഹചര്യത്തിൽ പരിമിതമാണ്. സി.എഫ്.എൽ.ടി.സികൾ തുടങ്ങാൻ സംസ്ഥാന സർക്കാർ നിർദ്ദേശമുണ്ടെങ്കിലും നഗരസഭ ഇതുവരെ പ്രാവർത്തികമാക്കിയിട്ടില്ല. രോഗികളെ മാറ്റിത്താമസിപ്പിക്കുവാൻ സൗകര്യമില്ലാത്ത വീടുകളിൽ കൊവിഡ് രോഗികളും മറ്റുള്ളവരും ഒരുമിച്ചു കഴിയേണ്ട സാഹചര്യമാണ് നിലവിലുള്ളത്.

കൊവിഡ് രോഗികളെ അടിയന്തര സാഹചര്യത്തിൽ ആശുപത്രിയിലേക്ക് മാറ്റുന്നതിന് സൗജന്യമായി വാഹനം ഒരുക്കുമെന്ന ചെയർമാന്റെ പ്രഖ്യാപനം നടപ്പായിട്ടില്ല. രോഗികൾ മറ്റ് വാഹനങ്ങളെ ആശ്രയിക്കേണ്ടിവരുമ്പോൾ 600മുതൽ 800രൂപവരെ ചെലവാകുന്നുണ്ട്. പാവപ്പെട്ട കുടുംബങ്ങൾക്ക് ഇത് വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്. കഴിഞ്ഞ കൗൺസിലിന്റെ കാലത്ത് സി.എഫ്.എൽ.ടി.സി കൃത്യസമയത്ത് ആരംഭിച്ചതോടൊപ്പം ഭക്ഷണവും യാത്രാസൗകര്യവും ഏർപ്പെടുത്തുകയും ചെയ്തിരുന്നു. സർക്കാർ നിർദ്ദേശങ്ങൾ പാലിയ്ക്കാതെ നഗരസഭാ ഭരണസമിതി കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ താളം തെറ്റിക്കുവാൻ ശ്രമിക്കുകയാണെന്നും രാഗേഷ് ചൂണ്ടിക്കാട്ടി. സി.എഫ്.എൽ.ടി.സികൾ ആരംഭിക്കാനും രോഗികൾക്ക് സൗജന്യമായി ഭക്ഷണവും വാഹനസൗകര്യവും അനുവദിക്കാനുമുള്ള നടപടികൾ ഉടൻ ഉണ്ടാകണമെന്ന് എൽ.ഡി.എഫ് കൗൺസിലർമാർ ആവശ്യപ്പെട്ടു.