പറവൂർ: കൊവിഡ് വാക്സിൻ ക്ഷാമം രൂക്ഷമായത് ആരോഗ്യകേന്ദ്രങ്ങളിൽ തർക്കങ്ങൾക്ക് ഇടയാക്കുന്നു. താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞദിവസം എത്തിയ വാക്സിൻ ഇന്നലെ കുറച്ചുപേർക്ക് നൽകിയതോടെ തീർന്നു. രോഗവ്യാപന ഭീതി മൂലം കൂടുതൽ പേർ വാക്സിനെടുക്കാൻ ആശുപത്രിയിൽ എത്തിയിരുന്നു. ഇവരിൽ പലരും കുത്തിവയ്പെടുക്കാൻ കഴിയാതെ മടങ്ങി. രണ്ടാം ഡോസ് വാക്സിൻ എടുക്കുന്നവർക്ക് സർക്കാർ രജിസ്ട്രേഷൻ നിർബന്ധമാക്കിയ വിവരം അറിയാതെ ഒട്ടേറെപ്പേർ എത്തിയിരുന്നു. വാക്സിൻ കിട്ടാതിരുന്നതോടെ പലരും അധികൃതരുമായി തർക്കിച്ചു. ആശുപത്രി അധികൃതരും ആശാ പ്രവർത്തകരും ഇവരെ കാര്യങ്ങൾ പറഞ്ഞു ബോദ്ധ്യപ്പെടുത്താൻ പണിപ്പെട്ടു. പലരും കുടുംബസമേതം തന്നെ വാക്സിൻ എടുക്കാനെത്തുന്നത് ആശുപത്രിയിൽ തിരക്ക് കൂട്ടുന്നുണ്ട്. ഇങ്ങനെ വരുന്നതും രോഗവ്യാപനത്തിനു കാരണമാകുമോയെന്ന ആശങ്ക ശക്തമാണ്.
ഇന്ന് വാക്സിൻ ലഭ്യമാകുമോയെന്ന കാര്യത്തിൽ ഉറപ്പില്ല. രണ്ടാം ഡോസ് കൃത്യസമയത്ത് എടുക്കാൻ കഴിയുമോയെന്ന കാര്യത്തിൽ പലർക്കും ആശങ്കയുണ്ട്. കൊവിഡ് പോസിറ്റീവാണോ എന്നറിയുന്നതിനായി സ്രവപരിശോധനയ്ക്ക് എത്തുന്നവരുടെ എണ്ണവും കൂടുതലാണ്. ഇന്നലെ മാത്രം താലൂക്ക് ആശുപത്രിയിൽ അഞ്ഞൂറോളം പേരുടെ സ്രവപരിശോധന നടത്തി. നഗരത്തിലെ സ്വകാര്യ ആശുപത്രികളിലും വാക്സിനില്ല. .