കാലടി: സർക്കാർ ശനിയാഴ്ച പ്രഖ്യാപിച്ച അവധി പ്ലാന്റേഷൻ കോർപ്പറേഷനിൽ നടപ്പിലാക്കേണ്ടതില്ലെന്ന മാനേജ്മെന്റ് തീരുമാനം വെല്ലുവിളിയാണെന്ന് സി.ഐ.ടി.യു സംഘടനകളുടെ സംസ്ഥാന കോ ഓർഡിനേഷൻ കമ്മറ്റി കൺവീനർ സി.കെ. ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. സംസ്ഥാനത്തെ എട്ട് ജില്ലകളിലാണ് കോർപ്പറേഷൻ പ്രവർത്തിക്കുന്നത്. ശനിയാഴ്ച വാഹനമില്ലാത്തതിനാൽ ഭൂരിപക്ഷം തൊഴിലാളികൾക്കും ജോലിക്ക് ഹാജരാകാൻ കഴിയില്ല. തോട്ടം മേഖലയിൽ കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. തിരഞ്ഞടുപ്പിന് ഒരുമാസം മുമ്പ് തൊഴിലാളികളുടെ റിട്ടയർമെന്റ് പ്രായം 60 ആക്കി ഉയർത്തിയ തീരുമാനവും കൂലി നോട്ടിഫിക്കേഷനും ബോധപൂർവം മാനേജ്മെന്റ് നടപ്പിലാക്കിയില്ല. മാനേജ്മെന്റിന്റെ പിടിപ്പുകേടുകൊണ്ട് കോർപ്പറേഷൻ ഇപ്പോൾ നഷ്ടത്തിലായെന്ന് യൂണിയൻ കുറ്റപ്പെടുത്തി.