മൂവാറ്റുപുഴ: നിർമ്മല കോളേജിലെ ദീർഘകാലത്തെ സേവനത്തിനുശേഷം അഞ്ച് അദ്ധ്യാപകർ പടിയിറങ്ങുന്നു. അദ്ധ്യാപനം, ഗവേഷണം, സാമൂഹ്യപ്രവർത്തനം തുടങ്ങിയ മേഖലകളിൽ വലിയ സംഭാവനകൾ നൽകി കോളേജിനെ എ ഡബിൾ പ്ലസ് പദവിയിലെത്തിക്കുന്നതിൽ മുഖ്യപങ്കു വഹിച്ചവരായിരുന്നു ഇവർ. ഇംഗ്ലീഷ് വിഭാഗത്തിൽനിന്ന് വിരമിക്കുന്ന ഡോ. ആംസ്‌ട്രോംഗ് സെബാസ്റ്റ്യൻ, സ്റ്റാറ്റിറ്റിക്‌സ് വിഭാഗം മേധാവി ഡോ. സീതാലക്ഷ്മി, ഇംഗ്ലീഷ് വിഭാഗം മേധാവി പ്രൊഫ. ലീന മാത്യൂസ്, കെമിസ്ട്രി വിഭാഗം മേധാവി പ്രൊഫ. ഫിലിപ്പ് അഗസ്റ്റിൻ, ഫിസിക്‌സ് വിഭാഗത്തിലെ അദ്ധ്യാപകനും ശാസ്ത്രജ്ഞനുമായ ഡോ. തോമസ് വർഗീസ് എന്നിവരാണ് വിരമിക്കുന്നത്.
അനദ്ധ്യാപക തസ്തികയിൽനിന്ന് നേപ്പാൾ സ്വദേശികളായ മോഹൻ ബഹാദൂർ ധാപ്പയും തുളസീദേവി ധാപ്പയും ഈ വർഷം വിരമിക്കുന്നുണ്ട്. വിരമിക്കുന്ന എല്ലാവർക്കും കോളേജ് മാനേജർ ഡോ. ചെറിയാൻ കാഞ്ഞിരക്കൊമ്പിൽ, പ്രിൻസിപ്പൽ ഡോ. തോമസ് കെ.വി., വൈസ് പ്രിൻസിപ്പൽ പ്രൊഫ. സജി ജോസഫ്, ബർസാർ റവ. ഫാ. ഫ്രാൻസിസ് കണ്ണടാൻ എന്നിവർ ചേർന്ന് യാത്രഅയപ്പ് നൽകി.