കിഴക്കമ്പലം: കോടതി ഉത്തരവിനും പുല്ലുവില. പട്ടിമറ്റം നെല്ലാട് റോഡ് ഇനി ഓർമ്മകളിൽ മാത്രം. രണ്ടര വർഷമായി തകർന്നുകിടക്കുന്ന ആറുകിലോമീറ്റർ വരുന്ന റോഡിനുവേണ്ടി നാട്ടുകാർ മുട്ടാത്ത വാതിലുകളില്ല. ഒടുവിൽ കോടതിയെ സമീപിച്ച് പണി പൂർത്തിയാക്കാൻ ഉത്തരവ് വാങ്ങിയെങ്കിലും തകർന്നുതരിപ്പണമായ റോഡിലെ പാതാളക്കുഴികളിൽ ഒരുചട്ടി മെറ്റലിടാൻപോലും കരാറുകാരൻ തയ്യാറായിട്ടില്ല. റോഡിന്റെ നിർമാണം രണ്ടു മാസത്തിനകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവുണ്ടായിട്ടും പണി തുടങ്ങിയിട്ടില്ല.
വീണ്ടും കോടതിയെ സമീപിക്കും
കിഫ്ബി പദ്ധതിയിൽ ഉൾപെടുത്തി നിർമാണം നടത്തിവരുന്ന റോഡാണിത്. രണ്ടു മാസത്തിനകം ഗതാഗതയോഗ്യമാക്കണമെന്ന് കഴിഞ്ഞ 30ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. വി.പി. സജീന്ദ്രൻ എം.എൽ.എ നൽകിയിരുന്ന ഹർജിയിലാണ് കോടതി ഉത്തരവ്. കേസിൽ വലമ്പൂർ ജനസേവ റെസിഡന്റ്സ് അസോസിയേഷൻ കക്ഷിചേർന്നിരുന്നു. നാളിതുവരെയായിട്ടും ഒരുനടപടിയും കരാറുകാരുടെ ഭാഗത്തുനിന്ന് ഉണ്ടാകാത്തതിനാൽ കോടതി അലക്ഷ്യമാണെന്ന് കാണിച്ച് ഹൈക്കോടതിയെ വീണ്ടും സമീപിക്കാനൊരുങ്ങുകയാണ് അസോസിയേഷൻ രക്ഷാധികാരി ബിജു എം. ജോർജ്.
സമീപവാസികൾക്ക് ദുരിതം
രണ്ടരവർഷം മുമ്പ് 32.64 കോടിക്ക് ടെൻഡറായ നിർമാണജോലിയിൽ പട്ടിമറ്റം മുതൽ പത്താംമൈൽവരെയും പള്ളിക്കരമുതൽ മനയ്ക്കക്കടവ് വരെയുമാണ് മാത്രമാണ് നിർമാണം പൂർത്തിയാട്ടുള്ളത്. കിഴക്കമ്പലം മുതൽ നെല്ലാടുവരെയുള്ള 18 കിലോമീറ്ററോളം ഭാഗത്തെ പണിയാണ് ആരംഭിക്കാനുള്ളത്. നിലവിൽ ഈ ഭാഗത്ത് റോഡില്ലാത്ത സ്ഥിതിയാണ്. ചെറുവാഹനങ്ങൾ പൂർണമായും ഈവഴി ഉപേക്ഷിച്ചു. റോഡിനിരുവശവും താമസിക്കുന്നവരാണ് ഇപ്പോൾ ദുരിതമനുഭവിക്കുന്നത്. വെയിലായാൽ പൊടിയും മഴ വന്നാൽ ചെളിയും മൂലം റോഡ് സഞ്ചാരയോഗ്യമല്ലാതായി. ഈ വഴിയുള്ള വ്യാപാര സ്ഥാപനങ്ങളും അടച്ചുപൂട്ടലിന്റെ വക്കിലാണ്.