a
ടാറിംഗ് പൂർത്തീകരിച്ച പുല്ലുവഴി തട്ടാംമുകൾ റോഡ്

കുറുപ്പംപടി: മണ്ഡലത്തിലെ പ്രധാനപ്പെട്ട രണ്ട് റോഡുകളായ പുല്ലുവഴി - തട്ടാംമുകൾ, മലമുറി -വളയൻചിറങ്ങര റോഡുകളുടെ ടാറിംഗ് പൂർത്തിയായതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. 3.20 കോടി രൂപയാണ് രണ്ട് പദ്ധതികൾക്കായി അനുവദിച്ചത്. ഇതോടെ മണ്ഡലത്തിലെ 19 റോഡുകളുടെ ബി.എം ആൻഡ് ബി.സി നിലവാരത്തിലുള്ള ടാറിംഗ് പൂർത്തിയായി.

1.600 കിലോമീറ്റർ ദൂരത്തിലാണ് പുല്ലുവഴി- തട്ടാംമുകൾ റോഡ്. 3.70 മീറ്റർ വീതി ഉണ്ടായിരുന്നത് 5.50മീറ്ററാക്കി ഉയർത്തിയാണ് ടാറിംഗ് നടത്തിയത്. ഈ റോഡിൽ 25 ലക്ഷം രൂപ അനുവദിച്ചു കലുങ്കിന്റെ നിർമ്മാണം പൂർത്തീകരിച്ചിരുന്നു. റോഡ് തുടങ്ങുന്ന പുല്ലുവഴി ഭാഗത്തും കർത്താവ് പടി ജംഗ്ഷനിലും തുറസായ കാന സ്ലാബിട്ട് കാൽനട യാത്രക്കാർക്ക് സുരക്ഷിതമാക്കുന്ന പ്രവൃത്തി നടന്നുവരികയാണ്. ഇതോടൊപ്പം 600 മീറ്റർ നീളത്തിൽ ഇരുവശങ്ങളിൽ കോൺക്രീറ്റ്ചെയ്ത് റോഡ് സുരക്ഷിതമാക്കും. രാത്രിയാത്രക്കാർക്ക് സഹായകരമാകുന്ന വൈറ്റ് ലൈനുകളും സ്റ്റഡുകളും സ്ഥാപിക്കും.1.20 കോടി രൂപയാണ് പദ്ധതിയുടെ ആകെ നിർമ്മാണ ചെലവ്.

2.600 കിലോമീറ്റർ ദൈർഘ്യത്തിലാണ് മലമുറി - വളയൻചിറങ്ങര റോഡിന്റെ ടാറിംഗ് ജോലികൾ പൂർത്തീകരിച്ചത്. 10 ലക്ഷം രൂപ അധികം അനുവദിച്ചു ടൈൽ വിരിക്കുന്ന പദ്ധതിയും നേരത്തെ പൂർത്തീകരിച്ചിരുന്നു. 5.50 കിലോമീറ്റർ വീതിയിൽ ടാറിംഗ് നടത്തിയ റോഡിന് 2 കോടി രൂപയാണ് അനുവദിച്ചത്. 2 കലുങ്കുകളും 150 മീറ്റർ നീളത്തിൽ കാനയും നിർമ്മിച്ചു. ഇരു വശങ്ങളിലും കോൺക്രീറ്റ് ചെയുന്ന പ്രവൃത്തിയും വൈറ്റ് ലൈനുകളും സ്റ്റഡുകളും സ്ഥാപിക്കുന്ന പ്രവൃത്തിയും പൂർത്തീകരിക്കുവാനുണ്ട്. പൊതുമരാമത്ത് വകുപ്പാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചത്.